കര്‍ഷകര്‍ കയറെടുക്കുമ്പോള്‍ ‘മൊറട്ടോറിയം’ ചുവപ്പു നാടയില്‍

Advertisement

ഡോ. ജോസ് ജോസഫ് 

മഹാപ്രളയവും കാലാവസ്ഥാ വ്യതിയാനവും കാരണമായുണ്ടായ വിളനാശത്തെ തുടര്‍ന്ന് കേരളത്തിലെ പ്രളയബാധിത മേഖലകളിലെ കര്‍ഷകര്‍ ആത്മഹത്യാ മുനമ്പിലാണ്. മഹാപ്രളയത്തിനു ശേഷമുള്ള ആറു മാസത്തിനുള്ളില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം കുറഞ്ഞത് 25 കര്‍ഷകര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തു.( ഇടുക്കി 13, വയനാട് 8, കണ്ണൂര്‍ 2, കാസര്‍ഗോഡ് 1, തൃശൂര്‍ 1). എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വയനാട്ടില്‍ അഞ്ചും ഇടുക്കിയില്‍ ഏഴും കര്‍ഷകര്‍ മാത്രമെ ആത്മഹത്യ ചെയ്തിട്ടുള്ളുവെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. ഇവരില്‍ തന്നെ മിക്കവരും കര്‍ഷകരല്ലെന്നും കൃഷി വകുപ്പ് പറയുന്നു.

വായ്പ മറ്റാവശ്യങ്ങള്‍ക്ക് എടുത്തവരാണ് ഈ കര്‍ഷകരെന്നും പ്രളയകാലത്ത് ഇവരൊന്നും കൃഷിഭവനില്‍ എത്തിയില്ലെന്നുമാണ് കൃഷി വകുപ്പിന്റെ വ്യാഖ്യാനം. കൃഷി ഭൂമിക്ക് പട്ടയമുള്ളവരും കൃഷിഭവന്‍ സന്ദര്‍ശിക്കുന്നവരും മാത്രമാണ് കൃഷി വകുപ്പിന്റെ കണ്ണില്‍ കര്‍ഷകര്‍. പട്ടയമില്ലാത്തവരും പാട്ടകൃഷിക്കാരും പങ്ക് കൃഷിക്കാരും കാര്‍ഷിക സംരംഭകരും കര്‍ഷകത്തൊഴിലാളികളുമൊന്നും കൃഷി വകുപ്പിന്റെ പരിഗണനയില്‍ ഇല്ല. കാര്‍ഷിക വായ്പ എടുക്കുന്നവര്‍ അത് മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി മാറ്റി ചെലവഴിക്കുന്നില്ലെന്ന് നോക്കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്വമാണെന്നും കൃഷി വകുപ്പ് പറയുന്നു.

Image result for modi farmers

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 60 കര്‍ഷകര്‍ ആത്മഹത്യ ചെയ്തില്ലേ എന്നാണ് കര്‍ഷക ആത്മഹത്യകളെ തമസ്‌കരിക്കുന്ന കൃഷി വകുപ്പിന്റെ ചോദ്യം ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യകള്‍ക്കു പിന്നില്‍ മദ്യപാനം, കുടുംബ കലഹം തുടങ്ങിയ കാരണങ്ങളാണെന്നും വായ്പ എടുത്തത് കാര്‍ഷിക ആവശ്യങ്ങള്‍ക്കല്ലെന്നുമാണ് ഇടുക്കി കളക്ടര്‍ ഗവേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ടു നല്‍കിയിരിക്കുന്നത്. കര്‍ഷക ആത്മഹത്യകളെ മാധ്യമങ്ങള്‍ പൊലിപ്പിച്ചു കാണിക്കുകയാണെന്നും ഇടുക്കി കളക്ടര്‍ കുറ്റപ്പെടുത്തുന്നു.

ആത്മഹത്യ ചെയ്ത കര്‍ഷകരെ അപമാനിക്കാനും കര്‍ഷക ആത്മഹത്യകളെ അപ്പാടെ തമസ്‌കരിക്കുവാനുമുള്ള ആസൂത്രിത നീക്കത്തിലാണ് അധികാരികള്‍. ഇടുക്കിയില്‍ മാത്രം ഒന്നേകാല്‍ ലക്ഷം കര്‍ഷകരാണ് കടക്കെണിയില്‍ കുടുങ്ങിക്കിടക്കുന്നത്. 15000-ത്തില്‍ ഏറെ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് കിട്ടിക്കഴിഞ്ഞു. വയനാട്ടിലും കുട്ടനാട്ടിലും ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് കിട്ടിയിട്ടുണ്ട്. 2019 ഒക്ടോബര്‍ 31 വരെ കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം ഉണ്ടെന്ന സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനം നില നില്‍ക്കുമ്പോഴാണ് കടക്കെണിയില്‍ കുടുങ്ങിയ പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചത്. അയല്‍വക്കങ്ങളില്‍ വരെ ബാങ്കുകാര്‍ പ്രചാരണം നടത്തിയതോടെ മാനസിക സമ്മര്‍ദ്ദത്തിലായ കര്‍ഷകരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു. സര്‍ഫാസി നിയമപ്രകാരം കിടപ്പാടവും കൃഷിഭൂമിയും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് അവര്‍. കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥയായി മാറിയതോടെ ഒക്ടോബര്‍ 31 വരെ പ്രഖ്യാപിച്ചിരുന്ന മൊറട്ടോറിയം സര്‍ക്കാര്‍ 2019 ഡിസംബര്‍ 31 വരെ നീട്ടി.

Image result for modi farmers

കാര്‍ഷികവും കാര്‍ഷികേതരവുമായ വായ്പകളുടെ പേരിലുള്ള ജപ്തി നടപടികളും ഡിസംബര്‍ വരെ നിര്‍ത്തി വെയ്ക്കും. ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകര്‍ 2018 ഓഗസ്റ്റ് 31 വരെയെടുത്ത വായ്പകളും മറ്റ് ജില്ലകളില്‍ 2014 മാര്‍ച്ച് 31 വരെയെടുത്ത വായ്പകളും കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ ആനുകൂല്യം നല്‍കാനുള്ള പരിധിയില്‍ കൊണ്ടു വരും എന്നാല്‍ കടങ്ങളുടെ മൊറട്ടോറിയം കൊണ്ടും ജപ്തി നടപടികള്‍ നീട്ടുന്നതു കൊണ്ടും കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്‌നം തീരുന്നില്ല. പലിശയും കടബാധ്യതയും കൂടി കൂടി പൊട്ടിത്തെറിയിലേക്കുള്ള സമയം കുറെക്കൂടി മുന്നോട്ടാക്കാമെന്നേയുള്ളു. തിരഞ്ഞെടുപ്പു കാലത്ത് വെറുമൊരു തട്ടിപ്പ്. സര്‍ഫാസി നിയമ പ്രകാരം ജപ്തി നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും വാണിജ്യ ബാങ്കുകളെ സര്‍ക്കാരിന് തടയുവാനുമാകില്ല. താത്കാലിക പരിഹാരത്തിനുള്ള തൊലിപ്പുറത്തെ ചികിത്സ മാത്രമാണ് മൊറട്ടോറിയം.

കര്‍ഷകരുടെ കടം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ടയിലും രാജസ്ഥാനിലും ഡല്‍ഹിയിലുമെല്ലാം കര്‍ഷകരുടെ ഗ്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചവര്‍ക്ക് കേരളത്തില്‍ കര്‍ഷക ആത്മഹത്യ തടയുന്നതിന് . അങ്ങനെയൊരാവശ്യമേയില്ല. ദേശീയ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ( നബാര്‍ഡ്) 2016-17 ലെ അഖിലേന്ത്യാ സര്‍വ്വെ പ്രകാരം പകുതിയിലധികം കര്‍ഷകരും കടക്കെണിയില്‍ കുടുങ്ങിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നബാര്‍ഡിന്റെ നാഫിസ് സര്‍വ്വെ പ്രകാരം 2016-17 ല്‍ കേരളത്തിലെ കര്‍ഷക കുടുംബങ്ങളില്‍ 56 ശതമാനവും കടക്കെണിയിലാണ്. എന്നാല്‍ നാഷണല്‍ സാമ്പിള്‍ സര്‍വ്വെ ഓഫീസിന്റെ 2013-ലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ കര്‍ഷക കുടുംബങ്ങളില്‍ 77.7 ശതമാനവും കടക്കെണിയിലായിരുന്നു. 213600 രൂപയായിരുന്നു 2013-ല്‍ കേരളത്തില്‍ ഒരു കര്‍ഷക കുടുംബത്തിന്റെ ശരാശരി കടബാധ്യത. ഇടുക്കി, വയനാട് തുടങ്ങി കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ജനവിഭാഗങ്ങള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ 90 ശതമാനത്തിലധികം കര്‍ഷക കുടുംബങ്ങളും കടക്കെണിയിലാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവും കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള വിളനാശവും ഈ പ്രദേശങ്ങിലെ കര്‍ഷകരുടെ ബാധ്യത വന്‍ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്.

1998 നും 2007നും ഇടയില്‍ ഇടുക്കി ജില്ലയില്‍ കടക്കെണിയില്‍ കുടുങ്ങി 473 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി ഡോ.എം എസ് സ്വാമിനാഥന്‍ ഇടുക്കി പാക്കേജിനു വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക കടാശ്വാസത്തിനായി 750 കോടി രൂപയാണ് ഡോ സ്വാമിനാഥന്‍ ഇടുക്കി പാക്കേജില്‍ ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഈ പാക്കേജ് നടപ്പായില്ല. ഫലമോ മഹാപ്രളയത്തിനു ശേഷം കര്‍ഷക ആത്മഹത്യകള്‍ ഇടുക്കിയില്‍ വീണ്ടും തുടര്‍ക്കഥയായി.

ഈ വര്‍ഷത്തെ ബജറ്റില്‍ സംസ്ഥാന ധനമന്ത്രി പ്രഖ്യാപിച്ച ഇടുക്കി, വയനാട്, രണ്ടാം കുട്ടനാട് പാക്കേജുകളിലൊന്നും വിലത്തകര്‍ച്ച പരിഹരിക്കുന്നതിനോ കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കുന്നതിനോ ഉള്ള പദ്ധതികളൊന്നുമില്ല. ബജറ്റിനുള്ള പൊതുചര്‍ച്ചയുടെ മറുപടിയിലാണ് ഇടുക്കിക്കു വേണ്ടി 5000 കോടി രൂപയുടെ പാക്കേജ് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത്. ഇടുക്കിക്കു വേണ്ടി ഒന്നും ചെയ്തില്ലെന്ന പരാതി ഒഴിവാക്കാന്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന പദ്ധതികള്‍ ഇടുക്കി പാക്കേജ് എന്ന പേരു നല്‍കി പുനരവതരിപ്പിക്കുക മാത്രമാണ് ധനമന്തി ചെയ്തത്.നേരത്തെ പ്രഖ്യാപിച്ച ബജറ്റ് വിഹിതത്തിനപ്പുറം കൂടുതലായൊന്നും തോമസ് ഐസക്കിന്റെ ഇടുക്കി പാക്കേജില്‍ ഇല്ല. 2017ല്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്തി നരേന്ദ്ര മോദി ഇപ്പോള്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളല്‍ വലിയ പാപമാണെന്നാണ് പറയുന്നത്. ആകെ കാര്‍ഷിക വായ്പകളുടെ 5 ശതമാനം മാത്രമാണ് കിട്ടാക്കടമായി മാറുന്നത്.അതെ സമയം വ്യാവസായിക വായ്പകളുടെ 25 ശതമാനവും നിഷ്‌ക്രിയ ആസ്തികളായി മാറുന്നു.

 

അംബാനിയും അദാനിയുമുള്‍പ്പെടെയുള്ള വന്‍കിട വ്യവസായികളില്‍ നിന്നും 2018 മെയ് അവസാനം വരെ ബാങ്കകള്‍കള്‍ക്ക് കിട്ടാനുള്ള കടം 10.17 ലക്ഷം കോടി രൂപയാണ്.കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ 3.16 ലക്ഷം കോടി രൂപ കിട്ടാക്കടം എന്ന പേരില്‍ എഴുതിത്തള്ളി. 11104 കോടി രൂപയുടെ കടമുണ്ടായിരുന്ന മോണെറ്റ് ഇസ്പാറ്റ് ആന്‍ഡ് എനര്‍ജി എന്ന കമ്പനിയുടെ കടബാധ്യതയില്‍ നിന്നും 8857 കോടി രൂപ അഞ്ചു മാസം മുമ്പ് കേന്ദ്ര ഗവണ്മെന്റ് എഴുതിത്തള്ളി. നിരവ് മോദി, മെഹുല്‍ ചോക്സി, വിജയ് മല്യ തുടങ്ങിയ തട്ടിപ്പുവീരന്മാര്‍ ബാങ്കുകളെ കബളിപ്പിച്ച തുക ഒരു ലക്ഷം കോടി രൂപയോളം വരും.

Image result for modi farmers

അതെ സമയം നിസ്സാര തുക തിരിച്ചടക്കാനില്ലാതെ കയറില്‍ കുരുങ്ങിയും വിഷം കഴിച്ചും ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ കടം എഴുതിത്തള്ളുന്ന കാര്യം വരുമ്പോള്‍ മോദിയും ബാങ്കുകളും വലിയ എതിര്‍വാദമുഖങ്ങള്‍ ഉയര്‍ത്തുന്നു. കോര്‍പ്പറേറ്റുകളുടെ ലക്ഷക്കണക്കിന് കോടി രൂപയുടെ കടം എഴുതിത്തള്ളുമ്പോള്‍ അതെ ആനുകൂല്യത്തിന് കര്‍ഷകര്‍ക്കും അര്‍ഹതയുണ്ട്.
ഇന്ത്യയില്‍ ഓരോ 40 മിനിറ്റിലും ഓരോ കര്‍ഷകന്‍ വീതം ആത്മഹത്യ ചെയ്യുന്നു. രാജ്യത്ത് ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആകെ ആത്മഹത്യകളില്‍ 10 ശതമാനത്തിനടുത്താണ് കര്‍ഷക ആത്മഹത്യകള്‍. കേന്ദ്ര ഗവണ്മെന്റ് ഏജന്‍സിയായ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എന്‍ സി ആര്‍ ബി ) കണക്കുകള്‍ പ്രകാരം 1995 നും 2015 നും ഇടയില്‍ രാജ്യത്ത് 321428 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 2016 മുതല്‍ എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നതിന്റെ കൃത്യമായ കണക്കുകള്‍ പുറത്തു വിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 2015ലെ കര്‍ഷക ആത്മഹത്യകളുടെ കണക്കാണ് ഏറ്റവും അവസാനം പുറത്തു വിട്ടത്. മോദി അധികാരമേറ്റ 2014 മുതല്‍ കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ഒറ്റ വിഭാഗമായി കണക്കാക്കി കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നില്ല എന്ന് കാണിക്കാനായിരുന്നു ഇത്. എന്നാല്‍ കര്‍ഷകരുടെ ആത്മഹത്യാ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ 2015ലെ റിപ്പോര്‍ട്ട് പ്രകാരം ഒരു വര്‍ഷം കൊണ്ട് മോദി ഭരണത്തില്‍ രാജ്യത്തെ കര്‍ഷക ആത്മഹത്യകള്‍ 42 ശതമാനം ഉയര്‍ന്നു.

ആത്മഹത്യയില്‍ അഭയം തേടുന്ന കര്‍ഷകരില്‍ ബഹുഭൂരിപക്ഷവും നിലനില്‍പ്പിനു വേണ്ടി പോരാടുന്ന ചെറുകിട നാമമാത്ര കര്‍ഷകരാണ്. കടക്കെണിയും സാമ്പത്തിക ബാധ്യതകളുമാണ് കര്‍ഷക ആത്മഹത്യകളുടെ പ്രധാന കാരണം. കാലാവസ്ഥാ വ്യതിയാനം കാരണമായുണ്ടാകുന്ന വിളനാശം രണ്ടാമത്തെ പ്രധാന കാരണം. മറ്റു കരണങ്ങളാലുണ്ടാകുന്ന വിളനാശം കാരണവും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. മോദി ഭരണത്തില്‍ ചെറുകിട നാമമാത്ര കര്‍ഷകരില്‍ വലിയൊരു വിഭാഗം കര്‍ഷക തൊഴിലാളികളായി മാറുകയോ നാടുവിടുകയോ ചെയ്തു. കര്‍ഷക ആത്മഹത്യകള്‍ കഴിയുന്നതും മൂടി വെയ്ക്കുക എന്നതാണ് സര്‍ക്കാരുകളുടെ നയം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 60 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു എന്ന് വിമര്‍ശിക്കുന്ന കൃഷി വകുപ്പിന് ഈ സര്‍ക്കാരിന്റെ കാലത്ത് അത്രയും കര്‍ഷകര്‍ ആത്മഹത്യ ചെയ്തില്ല എന്നതിലാണ് ആശ്വാസം .എന്നാല്‍ നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ആത്മഹത്യകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ 1995 മുതല്‍ ഓരോ വര്‍ഷവും എറിയും കുറഞ്ഞും കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ കേരളം ഭരിച്ച ഒരു സര്‍ക്കാരിന്റെ കാലത്തും കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതിരുന്നിട്ടില്ല.

കാര്‍ഷികോല്പന്നങ്ങളുടെ വില മുമ്പൊന്നുമുണ്ടായിട്ടില്ലാത്ത വിധം താഴോട്ടു പോയി. 2018 ഒക്ടോബര്‍ – ഡിസംബറില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില 14 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു പോയി. കഴിഞ്ഞ അഞ്ചു വര്‍ഷമായി അന്താരാഷ്ട്ര വിപണിയിലും ദേശീയ വിപണിയിലും ഒരുപോലെ കാര്‍ഷികോല്പന്നങ്ങള്‍ വിലയിടിവു നേരിടുകയാണ്. മോദി സര്‍ക്കാരിന്റെ വികലമായ നയങ്ങള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ നിസംഗതയും കേരളത്തിലെ കാര്‍ഷിക പ്രതിസന്ധി രൂക്ഷമാക്കി. കേരളത്തിലെ തോട്ടം മേഖലയും സുഗന്ധവ്യജ്ഞന വിളകളും പ്രതിസന്ധിയിലാണെങ്കിലും കര്‍ഷകരുടെ നഷ്ടം പരിഹരിക്കാന്‍ ഫലപ്രദമായ പദ്ധതികളുണ്ടായില്ല. കേരളത്തില്‍ മഹാപ്രളയത്തെ തുടര്‍ന്ന് 116000 ഏക്കര്‍ സ്ഥലത്തെ കൃഷി നശിച്ചു.19000 കോടി രൂപയുടെ നഷ്ടം കാര്‍ഷിക മേഖലയില്‍ ഉണ്ടായെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. കൃഷി നാശത്തിന് ആനുപാതികമായി നഷ്ട പരിഹാരം കര്‍ഷകര്‍ക്ക് ലഭിച്ചില്ല. കാര്‍ഷിക വിളകള്‍ വന്‍തോതില്‍ നശിക്കുന്നത് തടയാനും ഫലപ്രദമായ നടപടികള്‍ ഉണ്ടായില്ല.

2017 മുതല്‍ ഇതുവരെ 184800 കോടി രൂപയുടെ കാര്‍ഷിക കടമാണ് 10 സംസ്ഥാനങ്ങള്‍ എഴുതിത്തള്ളിയത്. കോണ്‍ഗ്രസ് ഭരണം നിലവിലുള്ള കര്‍ണാടക 44000 കോടി രൂപയുടെയും മധ്യപ്രദേശ് 38000 കോടി രൂപയുടെയും രാജസ്ഥാന്‍ 18000 കോടി രൂപയുടെയും ഛത്തീസ്ഗഡ് 6100 കോടി രൂപയുടെയും പഞ്ചാബ് 1500 കോടി രൂപയുടെയും കാര്‍ഷിക കടം എഴുതിത്തള്ളി. പ്രധാന്‍മന്തി കിസ്സാന്‍ സമ്മാന്‍ പദ്ധതിയില്‍ വര്‍ഷം 6000 രൂപ നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തൊട്ടാകെ 75000 കോടി രൂപ നീക്കിവെച്ചപ്പോഴാണ് 10 സംസ്ഥാനങ്ങള്‍ കടം എഴുതിത്തള്ളാന്‍ മാത്രമായി 184800 കോടി രൂപ ചെലവഴിച്ചത്.


അന്നദാതാക്കളായ കര്‍ഷകരും മനുഷ്യരാണെന്നും അവരോട് കരുണ കാണിക്കണമെന്നുമുള്ള ബോധ്യം ഭരണകൂടങ്ങള്‍ക്കുണ്ടാകണം. കടക്കെണിയില്‍ കുടുങ്ങി ആത്മഹത്യ ചെയ്യുന്ന കര്‍ഷകരെ അവഹേളിക്കരുത്. ബാങ്കുകളെ കുറ്റപ്പെടുത്തിയതു കൊണ്ടും കൃഷി വകുപ്പ് കൗണ്‍സലിംഗ് നടത്തിയതു കൊണ്ടും കേരളത്തിലെ കര്‍ഷകരുടെ പ്രതിസന്ധി തീരില്ല. കൃഷി നശിച്ച് കടക്കെണിയിലായ കര്‍ഷകരുടെ കടം എഴുതി തള്ളലാണ് പ്രധാന പ്രതിവിധി. ജനുവരിയില്‍ അപ്പര്‍ കുട്ടനാട്ടിലെ പെരിങ്ങരയില്‍ പുഞ്ചകൃഷിക്ക് കീടനാശിനി തളിച്ച് രണ്ട് തൊഴിലാളികള്‍ മരിച്ചപ്പോള്‍ അവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി. എന്നാല്‍ കര്‍ഷകരായി പോയതു കൊണ്ടും കര്‍ഷക ആത്മഹത്യകളെ തമസ്‌കരിക്കുന്നതു കൊണ്ടും ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല സ്വാഭാവികമോ അസ്വാഭാവികമോ ആയ കാരണങ്ങളാല്‍ മരണപ്പെടുന്ന 18 നും 60നും ഇടയില്‍ പ്രായമുള്ള കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപയുടെ നഷ്ടപരിഹാരം സൗജന്യ ഇന്‍ഷുറന്‍സിലൂടെ നല്‍കുന്നുണ്ട്. കേരളത്തിലും ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. കര്‍ഷകര്‍ക്ക് ന്യായമായ വരുമാനം ഉറപ്പാക്കുന്നതോടൊപ്പം അവര്‍ക്കു വേണ്ടി സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കാനും സര്‍ക്കാര്‍ തയ്യാറാകണം.