മതമൗലിക - വര്‍ഗീയവാദികളുടെ കണ്ണിലെ കരട്, മാപ്പു പറയിപ്പിച്ചപ്പോള്‍ തോറ്റത് ഓരോ ഇന്ത്യക്കാരനുമാണ്‌

നിജി രാജീവ്‌

ഇന്ത്യന്‍ സാഹിത്യ നഭസില്‍ തിളങ്ങി നിന്ന വലിയ നക്ഷത്രമായിരുന്നു ഗിരീഷ് കര്‍ണാട്. വിശേഷണങ്ങളും വിശേഷ്യങ്ങളും ഏറെയുള്ളപ്പോഴും മതമൗലികവാദികളുടെയും വര്‍ഗീയ ശക്തികളുടേയും കണ്ണിലെ കരടായിരുന്നു ഗിരീഷ് കര്‍ണാട്. വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടാന്‍ തന്റെ എഴുത്തുകളെ പരമാവധി ഉപയോഗിക്കുമ്പോഴും ഒരിക്കല്‍ പോലും ഭയം അദ്ദേഹത്തെ തൊട്ടു തീണ്ടിയിരുന്നില്ല.

സാമുദായിക ജീര്‍ണതയ്ക്കും മതമൗലികവാദത്തിനുമെതിരെ തന്റെ കലാസൃഷ്ടികളിലൂടെയും രചനകളിലൂടെയും അദ്ദേഹം നിരന്തരം പോരാടുകയായിരുന്നു. വര്‍ഗീയവാദികളുടെ നിശിത വിമര്‍ശകനായിരുന്നതു കൊണ്ടു തന്നെ ഗൗരി ലങ്കേഷിന് മുമ്പ് കര്‍ണാടിനെ വധിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ പദ്ധതിയിട്ടിരുന്നു. ഒരിക്കല്‍ ഹൂബ്ളിയിലെ ഈദ്ഗാഹ് മൈതാനത്തെച്ചൊല്ലി ഹിന്ദുത്വവാദികള്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചതിനെതിനെ കര്‍ണാട് എതിര്‍ത്തു. അറിയപ്പെടുന്ന മുസ്ലിം വിരുദ്ധനായ വി.എസ് നയ്പാളിന് മുംബൈ ലിറ്റററി ഫെസ്റ്റിവല്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കിയപ്പോള്‍ ആ സമ്മേളനത്തില്‍ വെച്ചു തന്നെ ഇത് സ്വീകരിക്കാനുള്ള നയ്പാളിന്റെ യോഗ്യതയെ ചോദ്യം ചെയ്ത കര്‍ണാട് തന്റെ നിലപാട് വീണ്ടും പ്രഖ്യാപിച്ചു.

ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വന്നാല്‍ ഇന്ത്യയില്‍ ജീവിക്കുന്നതു തനിക്കിഷ്ടമില്ല എന്ന് യു. ആര്‍ അനന്തമൂര്‍ത്തിയോടൊപ്പം കര്‍ണാടും പ്രഖ്യാപിച്ചിരുന്നു. ഇതിനെതിതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഹിന്ദുത്വ വര്‍ഗീയവാദികള്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി ആ പ്രസ്താവന പിന്‍വലിപ്പിക്കുകയും ഖേദം പ്രകടിപ്പിക്കുന്നെന്ന് പറയിപ്പിക്കുകയും ചെയ്പ്പോള്‍ ഭയത്തിന്റെ നേരിയ നിഴല്‍ അദ്ദേഹത്തെ സ്പര്‍ശിച്ചിരിക്കാമെന്ന് ആശ്വസിക്കുന്ന ഒരു വിഭാഗം ഉണ്ടായിരുന്നു.

അവിടെയും തീര്‍ന്നില്ല ഭീഷണിയുടെ സ്വരങ്ങള്‍. ബാംഗ്ലൂര്‍ വിമാനത്താവളത്തിന് കെംപഗൗഡയുടെ പേരിന് പകരം ടിപ്പു സുല്‍ത്താന്റെ പേരിടണമെന്ന് പറഞ്ഞതിന് കര്‍ണാടിനെതിരെ വധഭീഷണിയുണ്ടായി. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും പിന്‍വാങ്ങിയില്ലെങ്കില്‍ കൊല്ലപ്പെട്ട പുരോഗമന സാഹിത്യകാരനായ എം.എം കല്‍ബുര്‍ഗിയുടെ അതേ അവസ്ഥ നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി.

ഗൗരി ലങ്കേഷ് അനുസ്മരണ പരിപാടിയില്‍ കര്‍ണാട് “Me too urban Naxal” പ്ലക്കാര്‍ഡ് ധരിച്ചെത്തിയതും എതിരാളികളെ ചൊടിപ്പിച്ചു. നക്‌സലുകളെ പ്രോത്സാഹിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ നിലപാടെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. രവീന്ദ്രനാഥ ടാഗോറിനെതിരേയും അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു. ടാഗോര്‍ മികച്ച കവിയാണെങ്കിലും ഒരു രണ്ടാംകിട നാടകരചയിതാവായിരുന്നു എന്നായിരുന്നു കര്‍ണാടിന്റെ നിരീക്ഷണം.

വിവാദങ്ങളുണ്ടാക്കുന്ന രീതിയില്‍ അദ്ദേഹം തന്റെ അഭ്രിപ്രായങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. അപ്പോഴൊക്കെയും നിരന്തരം മാപ്പ് പറച്ചിലിലൂടെ സഞ്ചരിച്ച കര്‍ണാടിനെയും കാണാം. സ്വന്തം എഴുത്തുകളെയും അഭിപ്രായങ്ങളെയും സധൈര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു കലാകാരന് കഴിയാതെ പോയപ്പോഴെല്ലാം തോറ്റത് അദ്ദേഹമല്ല, ഓരോ ഇന്ത്യക്കാരനുമായിരുന്നു.

.കന്നഡ സിനിമയില്‍ നവോത്ഥാനത്തിന് തുടക്കം കുറിച്ച അദ്ദേഹത്തിനെ ജ്ഞാനപീഠം, പത്മശ്രീ, പത്മവിഭൂഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.