അതേ കഥ തന്നെ; 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്ന് വീണ്ടും കേന്ദ്ര ബജറ്റ്

സ്വാതന്ത്ര്യ പ്രാപ്തിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന 2022-ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്ന വാഗ്ദാനം ഒന്നാം മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജററു മുതല്‍ കേള്‍ക്കുന്നതാണ്. എവിടെയുമെത്താത്ത അതെ കഥ തന്നെയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റിലെ കാര്‍ഷിക പദ്ധതികളിലൂടെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആവര്‍ത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ ആറു വര്‍ഷത്തെ കാര്‍ഷിക വളര്‍ച്ചാ നിരക്ക് 2.8 ശതമാനം മാത്രമാണെന്നാണ് ബജറ്റിനു തലേ ദിവസം പുറത്തിറക്കിയ സാമ്പത്തിക സര്‍വ്വെയിലെ കണ്ടെത്തല്‍. കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ മുരടിപ്പു മറികടക്കുന്നതിനോ രണ്ട് വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനോ ഉള്ള വമ്പന്‍ പദ്ധതികളൊന്നും നിര്‍മ്മല സീതാരാമന്റെ 2020-2021 ലെ ബജറ്റില്‍ ഇല്ല. കര്‍ഷകരുടെ യഥാര്‍ത്ഥ വരുമാനം പ്രതിവര്‍ഷം 10 ശതമാനത്തില്‍ അധികം വര്‍ധിച്ചാല്‍ മാത്രമെ 2022 ഓടെ ഇരട്ടിക്കുകയുള്ളു. സാമ്പത്തിക മുന്നേറ്റത്തിന് നിര്‍മ്മിത ബുദ്ധിയുള്‍പ്പെടെയുള്ള നവീന സാങ്കേതിക വിദ്യകളെ പ്രാവര്‍ത്തികമാക്കുമെന്നു പറയുന്ന ധനമന്ത്രി, പക്ഷെ കാര്‍ഷിക മേഖലയില്‍ അത്തരം സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പരിശോധിച്ചിട്ടേയില്ല.

കൃഷി അനുബന്ധ മേഖലകള്‍, ജലസേചനം, ഗ്രാമ വികസനം എന്നിവക്കായി 2.83 ലക്ഷം കോടി രൂപയാണ് 2020-21 ലെ ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. ഇതില്‍ 1.60 ലക്ഷം കോടി രൂപ കൃഷി അനുബന്ധ മേഖലകള്‍ക്കും ജലസേചനത്തിനുമായി ചിലവഴിക്കും. 1.23 ലക്ഷം കോടി രൂപ ഗ്രാമവികസനത്തിനും പഞ്ചായത്തി രാജിനുമാണ്. കൃഷി കൂടുതല്‍ മത്സരക്ഷമമാക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. സുസ്ഥിര കൃഷിരീതികളും സാങ്കേതിക വിദ്യകളും സംയോജിപ്പിക്കും. സാമ്പത്തിക സഹായം, സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവയെ സംയോജിപ്പിച്ചു കൊണ്ട് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും.

കാര്‍ഷിക മേഖലയുടെ വികസനത്തിനായി സംസ്ഥാനങ്ങളുടെ സഹകരണത്തോടെ 16 ഇന പരിപാടി നടപ്പാക്കും. പ്രതിവര്‍ഷം 311 ദശലക്ഷം ടണ്‍ ഉല്പാദനം നടക്കുന്ന ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലാണ് ഇപ്പോള്‍ ഭക്ഷ്യധാന്യമേഖലയിലേതിനേക്കാള്‍ ഉല്പാദനം. പഴം പച്ചക്കറി, സുഗന്ധവ്യജ്ഞനങ്ങള്‍ തുടങ്ങിയ ഹോര്‍ട്ടികള്‍ച്ചര്‍ വിളകളുടെ വിപണനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാന്‍ താല്പര്യമുള്ള സംസ്ഥാനങ്ങള്‍ക്കു വേണ്ടി “ഒരു ജില്ല ഒരു ഉല്പന്നം എന്ന പദ്ധതി നടപ്പാക്കും.

2016 ലെ സ്ഥലം പാട്ടത്തിനെടുക്കല്‍ മാതൃകാ നിയമം, 2017 ലെ മാതൃകാ എപിഎല്‍എംസി നിയമം, 2018 ലെ മാതൃകാ കരാര്‍ കൃഷി നിയമം എന്നിവ നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. മൂന്നു നിയമങ്ങളും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. ജല പ്രതിസന്ധി നേരിടുന്ന 100 ജില്ലകള്‍ക്കു വേണ്ടി പ്രത്യേക പദ്ധതി നടപ്പാക്കും

രാസവളങ്ങളുടെ അമിതമായ ഉപയോഗത്തിന് മുന്‍തൂക്കം നല്‍കുന്ന ഇപ്പോഴത്തെ രാസവള നയം മാറ്റും. പരമ്പരാഗത ജൈവവളങ്ങളും പുതുമയുള്ള രാസവളങ്ങളും ഉള്‍പ്പെടെയുള്ള എല്ലാത്തരം വളങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സന്തുലിത വളപ്രയോഗം പ്രോത്സാഹിപ്പിക്കും. അന്നദാതാക്കളായ കര്‍ഷകരെ ഊര്‍ജ്ജ ദാതാക്കളായി മാറ്റുമെന്ന് കഴിഞ്ഞ ജൂലൈയിലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞിരുന്നു. കര്‍ഷകര്‍ക്ക് അവരുടെ തരിശുനിലങ്ങളില്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് വൈദ്യുതി ഗ്രിഡിന് വില്‍ക്കാനുള്ള പദ്ധതി നടപ്പാക്കും.പി എം കുസും പദ്ധതിയുടെ ഭാഗമായി 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ നല്‍കും. ഗ്രിഡ് കണക്ഷനുള്ള 15 ലക്ഷം കര്‍ഷകരുടെ പമ്പുകള്‍ സോളാറാക്കുന്നതിനും സഹായിക്കും.

വെയര്‍ഹൗസ് ഡെവലപ്‌മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ മാനദണ്ഡങ്ങളനുസരിച്ച് താലൂക്ക് അല്ലെങ്കില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ പുതിയ വെയര്‍ഹൗസുകള്‍ സ്ഥാപിക്കും. സ്ഥലം കൊടുക്കുന്ന സംസ്ഥാനങ്ങളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വെയര്‍ഹൗസുകള്‍ സ്ഥാപിക്കുന്നതിന് വയബിളിറ്റി ഗ്യാപ് ഫണ്ടിംഗ് നല്‍കും.എഫ് സി ഐ, സി ഡബ്ല്യു സി എന്നീ സ്ഥാപനങ്ങളുടെ സ്ഥലങ്ങളിലും വെയര്‍ഹൗസുകള്‍ നിര്‍മിക്കും. സ്വയം സഹായ സംഘങ്ങളുടെ സഹായത്തോടെ ഗ്രാമീണ സംഭരണ പദ്ധതി നടപ്പാക്കം. ഇതിലൂടെ സംഭരണത്തിനുള്ള ചിലവു കുറയ്ക്കുന്നതിനു പുറമെ വനിതകള്‍ക്ക് സ്വയം സഹായ സംഘങ്ങളിലൂടെ ധാന്യലക്ഷ്മി എന്ന പദവി വീണ്ടെടുക്കുകയുമാവാം.

പാല്‍, മാംസം, മത്സ്യം തുടങ്ങിയവയ്ക്കു വേണ്ടി സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ കിസാന്‍ റെയില്‍ തുടങ്ങും എക്‌സ്പ്രസ്സ്, ചരക്ക് വണ്ടികളില്‍ റെഫ്രിജെറേറ്റഡ് കോച്ചുകള്‍ ഏര്‍പ്പെടുത്തും. വിമാനങ്ങളില്‍ കൃഷി ഉഡാന്‍ പദ്ധതി തുടങ്ങും. ആദിവാസി ജില്ലകള്‍ക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ ബഹുനില കൃഷി, തേനീച്ച വളര്‍ത്തല്‍ .സോളാര്‍ പമ്പുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംയോജിത കൃഷി വ്യാപിപ്പിക്കും കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സീറോ ബജറ്റ് പ്രകൃതി കൃഷിയും ഇതില്‍ ഉള്‍പ്പെടുത്തും. ജൈവ കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനത്തിനു സ്ഥാപിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ജീവന്‍ ഖേത്തി കുടുതല്‍ ശക്തിപ്പെടുത്തും വെയര്‍ഹൗസ് രശീതികളുടെ ഉറപ്പില്‍ കര്‍ഷകര്‍ക്കു നല്‍കുന്ന വായ്പ ദേശീയ കാര്‍ഷിക വിപണിയുമായി (ഇ- നാം) ബന്ധിപ്പിക്കും.ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെയും സഹകരണ ബാങ്കുകളെയും ഉള്‍പ്പെടുത്തി നബാര്‍ഡിന്റെ പുനര്‍വായ പാ പദ്ധതി കൂടുതല്‍ വിപുലീകരിക്കും. പി എം കിസാന്‍ പദ്ധതിയില്‍ നിന്ന് ധനസഹായം സ്വീകരിക്കുന്ന എല്ലാ കര്‍ഷകരെയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ കൊണ്ടുവരും. അടുത്ത സാമ്പത്തിക വര്‍ഷം കാര്‍ഷിക വായ്പ നല്‍കുന്നതിനുള്ള ലക്ഷ്യം 15 ലക്ഷം കോടി രൂപയായി ഉയര്‍ത്തി.

പാല്‍ സംസ്‌ക്കരണ ശേഷി നിലവിലെ 53.5 ലക്ഷം ടണ്ണില്‍ നിന്നും ഇരട്ടിയാക്കി 2025 ഓടെ 108 ലക്ഷം ടണ്ണാക്കി ഉയര്‍ത്തും.കന്നുകാലികളിലെ കുളമ്പു രോഗം, ബ്രൂസല്ലോസിസ്, ആടുകളിലെ പി പി ആര്‍ എന്നീ രോഗങ്ങള്‍ 2025 ഓടെ നിര്‍മ്മാര്‍ജ്ജനം ചെയ്യും. കൃത്രിമ ബീജസങ്കലനം നിലവിലെ 30-ല്‍ നിന്നും 70 ശതമാനമായി ഉയര്‍ത്തും. തീറ്റപ്പുല്‍ ഫാമുകള്‍ തുടങ്ങാന്‍ തൊഴിലുറപ്പു പദ്ധതി പ്രയോജനപ്പെടുത്തും.

സമുദ്ര മത്സ്യ വിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ബ്ലൂ ഇക്കണോമി പ്രോത്സാഹിപ്പിക്കും.2022-23 ഓടെ മത്സ്യോല്പാദനം 300 ലക്ഷം ടണ്ണായി ഉയര്‍ത്തും.ആള്‍ ഗെ, സീ വീഡ് വളര്‍ത്തല്‍,കൂടുകളിലെ മത്സ്യക്കൃഷി തുടങ്ങിയവയും പ്രോത്സാഹിപ്പിക്കും. 3477 സാഗര്‍ മിത്രകളിലൂടെ ഫിഷറീസ് വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളില്‍ യുവാക്കളെ പങ്കാളികളാക്കും. 500 മത്സ്യകര്‍ഷക ഉല്പാദന കമ്പനികള്‍ സ്ഥാപിക്കും. മത്സ്യ കയറ്റുമതി 2024-25 ഓടെ ഒരു ലക്ഷം കോടി രൂപയായി ഉയര്‍ത്തും. ദാരിദ്യ നിര്‍മാര്‍ജ്ജനത്തിനായുള്ള ദീന്‍ ദയാല്‍ അന്ത്യോദയ യോജനയുടെ ഭാഗമായി 58 ലക്ഷം സ്വയം സഹായ സംഘങ്ങള്‍ സ്ഥാപിച്ചു.ഇത് കൂടുതല്‍ വ്യാപിപ്പിക്കും.

കാര്‍ഷിക മേഖലയിലെ മുരടിപ്പു മാറ്റി ഉത്തേജനം പകരുന്നതിനുള്ള പദ്ധതികളൊന്നും ബജറ്റില്‍ ഇല്ല. 6.11 കോടി കര്‍ഷകര്‍ പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജന എന്ന വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാണെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറയുന്നു. എന്നാല്‍ പാളിപ്പോയ ഈ പദ്ധതി ആകര്‍ഷകമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളൊന്നും ബജറ്റില്‍ ഇല്ല.

5 വര്‍ഷത്തിനകം 10000 കര്‍ഷക ഉല്പാദക കമ്പനികള്‍ സ്ഥാപിക്കുമെന്നായിരുന്നു കഴിഞ്ഞ ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍ നടത്തിയ പ്രഖ്യാപനം. എന്നാല്‍ ഇതിനു വേണ്ടയും ബജറ്റ് വിഹിതം ഇത്തവണയും നീക്കി വെച്ചിട്ടില്ല ഭക്ഷ്യ സംസ്‌ക്കരണ മേഖലയെയും ബജറ്റ് തഴഞ്ഞു. മൂല്യവര്‍ധനവിനും സംസ്‌ക്കരണത്തിനും വേണ്ടി 2016-20 വര്‍ഷത്തേക്ക് 6000 കോടി രൂപ വകയിരുത്തിയ പ്രധാന്‍മന്ത്രി കിസാന്‍ സമ്പദ യോജനയിലെ പല പദ്ധതികളും കടലാസ്സില്‍ ഒതുങ്ങി.

2018-19ല്‍ തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയക്കു വേണ്ടി പ്രഖ്യാപിച്ച 200 കോടി രൂപയുടെ ഓപ്പറേഷന്‍ ഗ്രീന്‍സില്‍ ചിലവാക്കിയത് അഞ്ചര കോടി രൂപ മാത്രമാണ്. ഗ്രാംസ് എന്ന പേരില്‍ 22000 ഗ്രാമീണ കാര്‍ഷിക ചന്തകള്‍ തുടങ്ങുന്നതിന് 20ഹ 819 ലെ ബജറ്റില്‍ 2000 കോടി രൂപയുടെ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് പ്രഖ്യാപിച്ചിരുന്നു പത്തരക്കോടി രൂപ ചെലവിട്ട് 376 ചന്തകള്‍ മാത്രമാണ് ഇതുവരെ സ്ഥാപിക്കാനായത്. ബജറ്റില്‍ പ്രഖ്യാപിക്കുന്ന മിക്ക പുതിയ പദ്ധതികളും കടലാസ്സില്‍ ഒതുങ്ങുകയോ ഭാഗികമായി നടപ്പാക്കപ്പെടുകയോ ചെയ്യുന്നുവെന്നതാണ് സ്ഥിതി.

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇക്കണോമിയുടെ കണക്കുകള്‍ പ്രകാരം 2018-19 സാമ്പത്തിക വര്‍ഷം രാജ്യത്ത് 1.1 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഉള്‍പ്പെടുന്ന ഗ്രാമീണ മേഖലയിലാണ് 91 ലക്ഷം തൊഴില്‍ നഷ്ടവും. മോദിയുടെ “താലിണോമിക്‌സ്” കൊണ്ടൊന്നും ഗ്രാമീണ മേഖലയിലെ പ്രതിസന്ധി മറികടക്കാനാവില്ല. കര്‍ഷകരല്ല വന്‍കിട കോര്‍പ്പറേറുകളും ഉദ്യോഗസ്ഥരുമാണ് മോദി സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളുടെ നേട്ടം കൊയ്യുന്നത്.