പുതിയ തട്ടകം തേടി മെസി, സൂപ്പര്‍ ത്രയം പിറക്കുമോ ?

സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് ബാഴ്‌സലോണയില്‍ നിന്ന് വിട്ടുപോകാനുള്ള അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ തീരുമാനം ഞെട്ടലോടെയാണ് ഫുട്‌ബോള്‍ ആരാധകര്‍ കേട്ടത്. മെസിയുമായി കരാറിലെത്താന്‍ ബാഴ്‌സ ധാരണയായിരുന്നു. എന്നാല്‍ ലാ ലിഗയിലെ സാമ്പത്തിക നിയമങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ചെലവു ചുരുക്കേണ്ടതിനാല്‍ മെസിയെ നിലനിര്‍ത്തേണ്ടെന്ന തീരുമാനം കൈക്കൊള്ളാന്‍ ബാഴ്‌സ നിര്‍ബന്ധിതരായി. മെസി മുന്നില്‍ ഇനിയെന്തെന്ന ചോദ്യം ഉയരുന്നു. പുതിയ തട്ടകം കണ്ടെത്താനുള്ള പരിശ്രമം മെസി ആരംഭിച്ചുകഴിഞ്ഞു. ഫ്രാന്‍സിലേക്ക് പോകാനാണെന്ന് മെസിക്ക് താല്‍പര്യമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെയിന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി)യുമായി മെസി ഇതിനകം ചര്‍ച്ചയാരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഫ്രാന്‍സിലെ വമ്പന്‍മാരാണെങ്കിലും പിഎസ്ജിക്ക് ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ സാധിച്ചില്ല. മെസിയെ കൂടെക്കൂട്ടിയാല്‍ ചാമ്പ്യന്‍സ് ലീഗ് നേട്ടം കൈവരുമെന്ന വിശ്വാസത്തിലാണ് പിഎസ്ജി. മെസിയുമായുള്ള കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ നെയ്മര്‍-മെസി-എംബാപെ ത്രയത്തിന്റെ മാറ്ററിയാന്‍ കളി പ്രേമികള്‍ക്ക് അവസരമൊരുങ്ങും.

Read more

2000ത്തില്‍, തന്റെ പതിമൂന്നാം വയസില്‍ ബാഴ്‌സ അക്കാദമിയില്‍ ചേര്‍ന്ന മെസി ഇതുവരെ മറ്റൊരു ക്ലബ്ബിനെ കുറിച്ച് ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. 21 വര്‍ഷം ബാഴ്‌സക്കായി പന്ത് തട്ടിയ മെസി ആകെ 672 ഗോളുകള്‍ അടിച്ചുകൂട്ടിയിരുന്നു. പത്ത് ലീഗ് വിജയങ്ങളും നാല് ചാമ്പ്യന്‍സ് ലീഗ് ട്രോഫികളും ഏഴ് സ്പാനിഷ് കിങ്‌സ് കപ്പ് കിരീടങ്ങളും മെസിയുഗത്തില്‍ ബാഴ്‌സ സ്വന്തമാക്കി. ആറ് തവണവീതം ബാലണ്‍ ഡി ഓര്‍, യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരങ്ങള്‍ തേടിയെത്തിയ മെസിയും വ്യക്തിഗത പുരസ്‌കാരങ്ങള്‍ ഏറെ സ്വന്തമാക്കിയിരുന്നു.