ലോക ഒന്നാം നമ്പര്‍ താരത്തെ മുട്ടുകുത്തിച്ച് ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ആനന്ദിന്റെ തേരോട്ടം

Advertisement

ലോക ഒന്നാം നമ്പര്‍ ചെസ് താരം മാഗ്നസ് കാള്‍സനെ തോല്‍പ്പിച്ച് ലോക റാപ്പിഡ് ആന്റ് ബ്ലിറ്റ്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന്റെ പടയോട്ടം. ചാംപ്യന്‍ഷിപ്പിന്റെ ഒന്‍പതാം റൗണ്ടിലാണ് ചെസ് ലോകത്തെ രണ്ട് സൂപ്പര്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വന്നത്. 34 നീക്കങ്ങള്‍ കൊണ്ട് ആനന്ദ് കാള്‍സനെ മുട്ടുകുത്തിക്കുകയായിരുന്നു.

കറുത്ത കരുക്കള്‍ കൊണ്ട് കളി തുടങ്ങിയ ആനന്ദ് തുടക്കം മുതല്‍ മികച്ച നീക്കങ്ങള്‍ നടത്തി കാള്‍സനെ പ്രതിരോധത്തിലാക്കി. കാള്‍സന്റെ സമ്മര്‍ദ്ദം മുതലെടുത്ത ആനന്ദ് ജയം കൈപ്പിടിയിലാക്കി.

ടൂര്‍ണമെന്റിലെ ഒന്‍പത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇതുവരെ ഒറ്റ മത്സരത്തിലും ആനന്ദ് തോല്‍വി അറിഞ്ഞിട്ടില്ല. നാല് മത്സരങ്ങളില്‍ തുല്യത പാലിച്ച താരത്തിന് അഞ്ച് മത്സരങ്ങള്‍ ജയിക്കാനായി.