മുലകുടി മാറാത്ത കൈക്കുഞ്ഞിനെ കൂടെക്കൂട്ടാനാവില്ല; നൊമ്പരം അറിയിച്ച് വനിതാ നീന്തല്‍ താരം- വീഡിയോ

ടോക്കിയോ ഒളിമ്പിക്‌സ് വനിതാ നീന്തലില്‍ സ്പെയ്നിനെ പ്രതിനിധീകരിക്കുന്ന താരമാണ് ഒന കാര്‍ബോണെല്‍. കായിക രംഗത്തെ ഏറ്റവും മഹത്തരമായ വേദിയില്‍ മാറ്റുരയ്ക്കാന്‍ അവസരം ലഭിക്കുമ്പോഴും ഒരു സങ്കടം താരത്തെ അലട്ടുന്നു, മുലകുടി മാറാത്ത തന്റെ മകനെ ടോക്കിയിലേക്ക് ഒപ്പംകൂട്ടാനായില്ലെന്നതാണത്. തന്റെ സങ്കടം പങ്കുവയ്ക്കുന്ന വീഡിയോയും കാര്‍ബോണെല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കോവിഡ് സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഒളിമ്പിക് വില്ലേജില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കായിക താരങ്ങള്‍ക്ക് കുടുംബത്തെ ഒപ്പംകൂട്ടാന്‍ അനുമതിയില്ല. കാര്‍ബോണെലിന് മകനെയും ഭര്‍ത്താവിനെയു കൂടെകൂട്ടാന്‍ മനസുണ്ടായിരുന്നു. എന്നാല്‍ ടോക്കിയോയിലെത്തിയാല്‍ ഒളിമ്പിക് വില്ലേജില്‍ കാര്‍ബോണെലിന് മാത്രമേ പ്രവേശനമുണ്ടാകൂ.

ഭര്‍ത്താവും കുഞ്ഞും ഹോട്ടല്‍ റൂമില്‍ നിന്ന് പുറത്തിറങ്ങാതെ കുറഞ്ഞത് ഇരുപതു ദിവസമെങ്കിലും കഴിയേണ്ടിവരും. അങ്ങനെയായാല്‍ കുഞ്ഞിനെ മുലയൂട്ടേണ്ട സമയത്തെല്ലാം കാര്‍ബോണെലിന് ബയോബബിള്‍ വീട്ട് റൂമിലേക്ക് പോകേണ്ടിവരും. അത്ലറ്റുകള്‍ക്ക് ബന്ധുക്കളോട് സുരക്ഷിതമായി ഇടപഴകാനും മുലയൂട്ടാനും ഒളിമ്പിക് വില്ലേജില്‍ സൗകര്യമുണ്ടെങ്കിലും സ്വന്തം ചെലവില്‍ അവിടെ കഴിയണം.

ബയോബബിള്‍ ലംഘനം സഹ താരങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് കാര്‍ബോണെല്‍ പറയുന്നു. അതിനാല്‍ കുഞ്ഞിനെ കൊണ്ടുപോകേണ്ടെന്ന തീരുമാനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു. തന്നെപ്പോലെ മറ്റു പല താരങ്ങളും സമാന പ്രശ്നം അനുഭവിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ കാര്‍ബോണെലും കോച്ചും ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിക്ക് (ഐഒസി) പരാതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇതു വ്യക്തിപരമായ പ്രശ്നമാണെന്നും കുഞ്ഞുങ്ങളെ ഒപ്പം കൂട്ടാന്‍ ആവുന്ന സഹായം അത്ലറ്റുകള്‍ക്ക് ചെയ്യുമെന്നും ഒളിമ്പിക്സ് സംഘാടകര്‍ വിശദീകരിച്ചു.