ടേബിള്‍ ടെന്നീസില്‍ മെഡല്‍ ഇല്ല; ശരത് കമലും പുറത്ത്

ടോക്യോ ഒളിമ്പിക്സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ വെല്ലുവിളി അവസാനിച്ചു. അവസാന പ്രതീക്ഷയായിരുന്ന ശരത് കമലും പുറത്തായി. പുരുഷ സിംഗിള്‍സ് മൂന്നാം റൗണ്ടില്‍ നിലവിലെ ചാമ്പ്യന്‍ ചൈനയുടെ മാ ലോങ്ങിനോട് ഒന്നിനെതിരെ നാല് ഗെയിമുകള്‍ക്കാണ് ശരത് കമല്‍ മുട്ടുകുത്തിയത് (7-11, 11-8, 11-13, 4-11, 4-11).

ആദ്യ മൂന്ന് ഗെയിമുകളിലും പൊരുതിയശേഷമായിരുന്നു ശരത് കമല്‍ മത്സരം കൈവിട്ടത്. രണ്ടാം ഗെയിം പിടിച്ചെടുത്ത് ലോങ്ങിനെ സമ്മര്‍ദ്ദത്തിലാക്കാനും ശരത് കമലിന് സാധിച്ചു. മൂന്നാം ഗെയിമിലും ഇന്ത്യന്‍ താരം ഇഞ്ചോടിഞ്ച് പൊരുതി. എന്നാല്‍ അവസാന രണ്ടു ഗെയിമുകളില്‍ ചൈനീസ് പ്രതിയോഗിയുടെ കണിശതയാര്‍ന്ന കളിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ശരത് കമലിന് കഴിഞ്ഞില്ല.

മനിക ബത്രയും ജി. സത്യനും സുതീര്‍ത്ഥ മുഖര്‍ജിയും നേരത്തെ തന്നെ പുറത്തായിരുന്നു. മിക്സഡ് ഡബിള്‍സില്‍ ശരത്-മനിക സഖ്യത്തിനും ആദ്യ റൗണ്ടില്‍ മടങ്ങാനായിരുന്നു വിധി.