ടോക്യോയില്‍ മഴയുടെ ഊഴം; കമല്‍പ്രീതിന്റെ മത്സരം മാറ്റിവെച്ചു

ടോക്യോ ഒളിമ്പിക്സില്‍ രസകൊല്ലിയായി അപ്രതീക്ഷിതമായെത്തിയ മഴ. കനത്ത മഴ കാരണം ഫീല്‍ഡില്‍ വെള്ളംകെട്ടിയതിനെ തുടര്‍ന്ന് ഡിസ്‌ക്സ് ത്രോ, പോള്‍വോള്‍ട്ട് മത്സരങ്ങള്‍ മാറ്റിവെച്ചു.

ഇന്ത്യന്‍ പ്രതീക്ഷയായ കമല്‍പ്രീത് കൗര്‍ മത്സരിക്കുന്ന വനിതകളുടെ ഡിസ്‌കസ് ത്രോ ഫൈനല്‍ പുരോഗമിക്കവെയാണ് മഴയെത്തിയത്. ആദ്യശ്രമത്തില്‍ 61.62 മീറ്റര്‍ ദൂരം കണ്ടെത്തിയ കൗര്‍ ആറാം സ്ഥാനത്തായിരുന്നു. എന്നാല്‍ രണ്ടാംശ്രമം ഫൗള്‍ ആയതോടെ കമല്‍പ്രീത് ഏഴാമതേക്കു പിന്തള്ളപ്പെട്ടു.

മൂന്നാംശ്രമത്തിന് മുന്‍പ് മഴയെത്തി. മത്സരം നിര്‍ത്തിവെയ്ക്കുമ്പോള്‍ അമേരിക്കയുടെ വലേറി ഓള്‍മാന്‍ (68.98 മീറ്റര്‍), ക്യൂബയുടെ യാമി പെരസ് (65.72) ജര്‍മ്മനിയുടെ ക്രിസ്റ്റിന്‍ പുഡെന്‍സ് (65.34) എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

പന്ത്രണ്ട് താരങ്ങളാണ് ഫൈനലില്‍ മത്സരിക്കുന്നത്. ആദ്യ മൂന്ന് ശ്രമങ്ങള്‍ക്കുശേഷം എട്ടാം സ്ഥാനത്തുവരെ എത്തുന്നവര്‍ക്ക് മൂന്ന് ശ്രമങ്ങള്‍ കൂടി ലഭിക്കും. അതിനാല്‍ത്തന്നെ കമല്‍പ്രീതിന്റെ മെഡല്‍ സാധ്യതകള്‍ അസ്തമിച്ചിട്ടില്ല.