ടോക്കിയോ ഒളിമ്പിക്‌സ്: ഹോക്കിയില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യയുടെ തുടക്കം

ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പൂള്‍ എ യിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്ക് കീഴടക്കി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് തുടര്‍ച്ചയായി മൂന്നു ഗോളുകള്‍ നേടി ഇന്ത്യ ജയം പിടിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍പ്രീത് സിംഗ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിംഗ് ഒരു ഗോള്‍ നേടി. ന്യൂസീലന്‍ഡിനായി റസ്സലും ജെന്നെസ്സും ഗോള്‍ കണ്ടെത്തി.

ആറാം മിനിറ്റില്‍ നേടിയെടുത്ത പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റിയാണ് കിവികള്‍ തുടങ്ങിയത്. 10 ആം മിനിറ്റില്‍ രൂപീന്ദര്‍ പാലിലൂടെ ഇന്ത്യ ഒപ്പമെത്തി. പിന്നീട് 26ാം മിനിറ്റിലും 33ാം മിനിറ്റിലും ഇന്ത്യ ഗോള്‍വല കുലുക്കി. 43-ാം മിനിറ്റിലാണ് ന്യൂസീലന്‍ഡ് മത്സരത്തിലെ രണ്ടാം ഗോള്‍ നേടിയത്.

40 വര്‍ഷത്തെ മെഡല്‍ ദാരിദ്ര്യത്തിന് അറുതിവരുത്തുകയാണ് ഇക്കുറി ഇന്ത്യന്‍ ഹോക്കി ടീമിന്റെ ലക്ഷ്യം. 1980 -ലെ മോസ്‌കോ ഒളിമ്പിക്സിലാണ് ഇന്ത്യന്‍ ഹോക്കി സംഘം അവസാനമയായി മെഡല്‍ അണിഞ്ഞത്. ഞായറാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.