കലാശക്കളം അന്യമായി; സിന്ധുവിന് ഇനി വെങ്കല പ്രതീക്ഷ

ഒളിമ്പിക്സ് ബാഡ്മിന്റണില്‍ രാജ്യത്തിന്റെ സുവര്‍ണ സ്വപ്നം സാക്ഷാത്കരിക്കാന്‍ പി.വി. സിന്ധുവിനായില്ല. വനിത സിംഗിള്‍സ് സെമിയില്‍ ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങിനോട് തോറ്റ് സിന്ധു പുറത്തായി (18-21, 11-21). ഇനി ചൈനയുടെ ഹെ ബിങ് ജിയാവോയുമായി വെങ്കല മെഡലിനുവേണ്ടി സിന്ധുവിന് കൊമ്പുകോര്‍ക്കാം.

തായ് സു യിങ്ങുമായുള്ള മുഖാമുഖത്തില്‍ സിന്ധു നന്നായി തന്നെ തുടങ്ങിയെന്നു പറയാം. 5-2ന്റെ ലീഡാണ് മത്സരത്തിന്റെ ആരംഭത്തില്‍ സിന്ധു സ്വന്തമാക്കിയത്. എതിരാളിക്ക് തുടര്‍ പിഴവുകള്‍ പറ്റിയപ്പോള്‍ സിന്ധു ലീഡ് 11-8ലേക്ക് ഉയര്‍ത്തി. എന്നാല്‍ ഇടവേളയ്ക്കുശേഷം തിരിച്ചടിച്ച സു യിങ് സ്‌കോര്‍ 16-15 എന്നതിലേക്കെത്തിച്ചു. അതോടെ സിന്ധു പതറുന്നതാണ് കണ്ടത്. അവസരം മുതലെടുത്ത സു യിങ് 18-21ന് ഗെയിം പോക്കറ്റലാക്കി.

Read more

രണ്ടാം ഗെയിമിന്റെ ആരംഭത്തില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. സിന്ധുവും സു യിങ് ഇടവിട്ട് പോയിന്റ് നേടിയപ്പോള്‍, സ്‌കോര്‍:4-4. എന്നാല്‍ പിന്നീട് സിന്ധുവിന്റെ ഷോട്ടുകള്‍ ഒന്നൊന്നായി പിഴച്ചു. സിന്ധു അനായാസം പോയിന്റുകള്‍ വിട്ടു നല്‍കിയതോടെ സു യിങ് 7-11ന്റെ മേല്‍ക്കൈ നേടിയെടുത്തു. അവസാനത്തെ ആറ് പോയിന്റില്‍ അഞ്ചും പിടിച്ചെടുത്ത ചൈനീസ് തായ്പേയ് താരം ജയത്തോട് കൂടുതല്‍ അടുത്തു. പിന്നീടൊരു തിരിച്ചുവരവിന് സിന്ധുവിന് സാധിച്ചതുമില്ല.