ടോക്യോ ഉണർന്നു, ഒളിമ്പിക്സിന് തിരി തെളിഞ്ഞു; ഇന്ത്യൻ പതാകയേന്തി മൻപ്രീതും മേരി കോമും

ടോക്യോ ഒളിമ്പിക്സിന് തിരി തെളിഞ്ഞു. വിവിധ രാജ്യങ്ങളുടെ മാർച്ച് പാസ്റ്റ് ആരംഭിച്ചു. ബോക്സിം​ഗ് താരം എം.സി. മേരി കോമും ഹോക്കി ടീം നായകൻ മൻപ്രീത് സിം​ഗും മാർച്ച് പാസ്റ്റിന് നേതൃത്വം വഹിച്ചു.

ഒളിംപിക്സിന്റെ ജൻമനാടായ ​ഗ്രീസ് ആണ് മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് 4.30ഓടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മാർച്ച് പാസ്റ്റിന് ശേഷമാണ് ഉദ്ഘാടനചടങ്ങ്.

ചടങ്ങിൽ ലേസർ ഷോ, സംഗീത നിശ, പരമ്പരാഗത നൃത്തം എന്നീ കലാരൂപങ്ങൾ മാറ്റുകൂട്ടും. ഓഗസ്റ്റ് എട്ടിനാണ് ഒളിമ്പിക്സ് സമാപിക്കുക.ശക്തമായ 228 അംഗ സംഘമാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിന് പങ്കെടുക്കുന്നത്.

ഇതിൽ 119 പേർ അത്‌ലറ്റുകളാണ്. എന്നാൽ 48 പേർ മാത്രമാകും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച മാർച്ച് പാസ്റ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.

ആധുനിക ചരിത്രത്തിലെ 32-ാം ഒളിമ്പിക്സില്‍ 33 മത്സര ഇനങ്ങളാണുള്ളത്. 339 മെഡല്‍ ഇനങ്ങളിലായി 11,000 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. 42 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.