ഉന്നംതെറ്റി ഇന്ത്യ; ദീപികയും പ്രവിനും വീണു

ഒളിംപിക്സില്‍ എല്ലാകാലത്തും മോഹിപ്പിച്ചശേഷം കൈവിടുന്ന ഇനമാണ് ഇന്ത്യയെ സംബന്ധിച്ച് അമ്പെയ്ത്ത്. ടോക്യോയിലും ആ പാതയിലേക്കാണ് നീങ്ങുന്നതെന്ന് സൂചിപ്പിച്ച് ആദ്യ ദിനം തന്നെ ഇന്ത്യന്‍ താരങ്ങള്‍ നിറംമങ്ങി. മിക്സഡ് ഡബിള്‍സില്‍ ദീപിക കുമാരിയും പ്രവിന്‍ ജാദവും ചേര്‍ന്ന സഖ്യം ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി.

ദക്ഷിണ കൊറിയയുടെ ആന്‍ സാന്‍- കിം ജെ ഡിയോക് ജോടിയാണ് അവസാന എട്ടില്‍ ഇന്ത്യന്‍ കൂട്ടൂകെട്ടിന്റെ വഴിമുടക്കിയത്, സ്‌കോര്‍: 6-2. മത്സരത്തിലുടനീളം പിഴവറ്റ പ്രകടനം പുറത്തെടുത്ത കൊറിയന്‍ ടീം ദീപികയെയും പ്രവിനെയും സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ടിരുന്നു.

മൂന്നാം സെറ്റിലാണ് ഇന്ത്യന്‍ ടീം ആധിപത്യം പുലര്‍ത്തിയത്. ചൈനീസ് തായ്പെയിയുടെ ലിന്‍ ചിയ എന്‍- താങ് ചി ചന്‍ സഖ്യത്തെ മറികടന്നാണ് ദീപികയും പ്രവിനും ക്വാര്‍ട്ടറിലെത്തിയത്. പ്രീ-ക്വാര്‍ട്ടറില്‍ 5-3 എന്ന സ്‌കോറിന് ഇന്ത്യ ജയം നേടിയെടുത്തു.