ടോക്യോ ഒളിമ്പിക്സ്: പ്രണീതിന് മടക്കം, പൂജയ്ക്ക് മുന്നേറ്റം

ടോക്യോ ഒളമ്പിക്സ് ബോക്സിംഗ് റിംഗ് ഇന്ത്യക്ക് സന്തോഷം നല്‍കിയപ്പോള്‍, ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ സങ്കടക്കാഴ്ച തുടരുന്നു. അമ്പെയ്ത്തില്‍ ദീപിക കുമാരിയും പ്രതീക്ഷ നിലനിര്‍ത്തി.

വനിതാ ബോക്സിംഗ് 75 കിലോഗ്രാം വിഭാഗത്തില്‍ അരങ്ങേറ്റക്കാരി പൂജ റാണിയാണ് രാജ്യത്തിന്റെ മെഡല്‍ സാധ്യത നിലനിര്‍ത്തിയത്. പ്രീ-ക്വാര്‍ട്ടറില്‍ അള്‍ജീരിയയുടെ ഇച്ചാര്‍ക്ക് ചെയ്ബിനെ ഉശിരന്‍ പഞ്ചുകളിലൂടെ പൂജ മറികടന്നു, സ്‌കോര്‍:5-0. മുപ്പതുകാരിയായ പൂജ തന്നെക്കാള്‍ പത്തു വയസ് കുറവുള്ള ചെയ്ബിനെ നേരിട്ടുള്ള ഇടികളിലൂടെയാണ് വരുതിക്ക് നിര്‍ത്തിയത്. എതിരാല്‍യുടെ ബാലന്‍സ് പലപ്പോഴും തെറ്റിയതും പൂജയ്ക്ക് ഗുണം ചെയ്തു.

Tokyo Olympics: Debutant Boxer Pooja Rani Enters Quarterfinals | Olympics News

ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സിലെ ഗ്രൂപ്പ് ഡി മത്സരത്തില്‍ ബി. സായ് പ്രണീത് നെതര്‍ലന്‍ഡ്സിന്റെ മാര്‍ക്ക് കല്‍ജോയോട് മുട്ടുകുത്തി. 14-21, 14-21 എന്ന സ്‌കോറിന് പ്രണീതിന്റെ തോല്‍വി. ഗ്രൂപ്പിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട സായ് പ്രണീതിന്റെ നോക്കൗട്ട് പ്രതീക്ഷ അസ്തമിച്ചു.

വനിതകളുടെ അമ്പെയ്ത്ത് വ്യക്തിഗത വിഭാഗത്തില്‍ സൂപ്പര്‍ താരം ദീപിക കുമാരി പ്രീ-ക്വാര്‍ട്ടറില്‍ ഇടം ഉറപ്പിച്ചു. എലിമിനേഷന്‍ റൗണ്ടില്‍ അമേരിക്കന്‍ കൗമാര താരം ജെന്നിഫര്‍ ഫെര്‍ണാണ്ടസിനെ 6-4 എന്ന സ്‌കോറിനാണ് ദീപിക അതിജീവിച്ചത്. മത്സരത്തില്‍ പലപ്പോഴും ജെന്നിഫര്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും പരിചയസമ്പത്ത് ദീപകയ്ക്ക് തുണയാവുകയായിരുന്നു.