വിരമിക്കല്‍ തീരുമാനം തെറ്റായി പോയി; ഇന്ത്യന്‍ ടെന്നീസ് റാണിക്ക് ഖേദം

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കഴിയുന്നതോടെ വിരമിക്കുമെന്ന് നടത്തിയ പ്രഖ്യാപനം തെറ്റായിപ്പോയെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ. ഇത്രയും പെട്ടെന്ന് പ്രഖ്യാപനം വേണ്ടിയിരുന്നില്ല എന്നാണ് താരത്തിന്റെ ഇപ്പോഴത്തെ പ്രതികരണം. 2022 ആസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ ആദ്യ റൗണ്ട് തോല്‍വിക്ക് പിന്നാലെയാണ് സാനിയ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഇപ്പോള്‍ ചോദ്യങ്ങളെല്ലാം അതിനേക്കുറിച്ചാണ്. വിരമിക്കലിനുശേഷമുള്ള ചിന്ത മാത്രമല്ല. നിരന്തരമായി മനസ്സിലുള്ള കാര്യമാണിത്. ജയിച്ചാലും തോറ്റാലും ഞാന്‍ ആസ്വദിച്ചാണ് ടെന്നീസ് കളിക്കുന്നത്. കളിക്കായി നൂറുശതമാനവും സമര്‍പ്പിക്കുന്നു ഞാന്‍. ചിലപ്പോള്‍ കാര്യങ്ങള്‍ അനുകൂലമായിവരും. ചിലപ്പോള്‍ എതിരാകുകയും ചെയ്യും.

ആസ്‌ത്രേലിയന്‍ ഓപണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ന് നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സാനിയ മിര്‍സ-രാജീവ് റാം സഖ്യം തോറ്റിരുന്നു. ആസ്‌ത്രേലിയയുടെ ജൈമി ഫോര്‍ലിസ്-ജാസണ്‍ കുബ്ലര്‍ സഖ്യത്തോടാണ് പരാജയപ്പെട്ടത്. മിക്‌സഡ് ഡബിള്‍സില്‍ മഹേഷ് ഭൂപതിക്കൊപ്പം 2009ലും 2016ല്‍ സ്വിസ് ഇതിഹാസം മാര്‍ട്ടിന ഹിന്‍ജിനൊപ്പം ഡബിള്‍സിലും സാനിയ ആസ്‌ത്രേലിയന്‍ ഓപണ്‍ നേടിയിട്ടുണ്ട്.