ഞെട്ടിക്കുന്ന തീരുമാനവുമായി സഞ്ജു; മാച്ച് ഫീയായ ഒന്നര ലക്ഷം ഉപഹാരമായി നല്‍കി

ദക്ഷിണാഫ്രിക്ക എക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ നിന്നും ലഭിച്ച മാച്ച് ഫീ ഗ്രൗണ്ട് ജീവനക്കാര്‍ക്ക് നല്‍കി മലയാളി താരം സഞ്ജു സാംസണ്‍. 4-1നാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അവസാനത്തെ രണ്ട് മത്സരങ്ങളിലാണ് സഞ്ജു ഇന്ത്യക്കായി കളത്തിലിറങ്ങിയത്. മഴയില്‍ മത്സരം മുടങ്ങാനിരിക്കെ വളരെ വേഗത്തില്‍ ഗ്രൗണ്ട് മത്സരത്തിനായി തയാറാക്കിയതിനാലാണ് സഞ്ജു മാച്ച് ഫീ നല്‍കിയിരിക്കുന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒരു റണ്ണെടുത്ത് പുറത്തായെങ്കിലും രണ്ടാമത്തെ മത്സരത്തില്‍ 48 പന്തില്‍ 91 റണ്‍സെടുത്തിരുന്നു. 36 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. അവസാനത്തെ മത്സരത്തിന് ശേഷം സംസാരിക്കുമ്പോഴായിരുന്നു മാച്ച് ഫീ ഗ്രൗണ്ട് ജീവനക്കാര്‍ക്ക് നല്‍കാനുള്ള തീരുമാനം സഞ്ജു അറിയിച്ചത്.

ഗ്രൗണ്ട് ജീവനക്കാര്‍ കഠിനാധ്വാനം ചെയ്തത് കൊണ്ട് മാത്രമാണ് മഴ വന്നപ്പോഴും മത്സരങ്ങള്‍ നടത്താന്‍ സാധിച്ചത്. അതിനാലാണ് മാച്ച് ഫീ അവര്‍ക്ക് നല്‍കാനായി തീരുമാനിച്ചതെന്നും സഞ്ജു പറഞ്ഞു. രണ്ട് മത്സരത്തില്‍ നിന്നും ലഭിച്ച 1.5 ലക്ഷം രൂപയാണ് സഞ്ജു ഗ്രൗണ്ട് ജീവനക്കാര്‍ക്ക് നല്‍കിയത്.