സ്വരേവിനോട് റാക്കറ്റ് താഴ്ത്തി; ദ്യോക്കോയുടെ സ്വപ്നം പൊലിഞ്ഞു

ടോക്യോ ഒളിമ്പിക്സ് പുരുഷ വിഭാഗം ടെന്നീസില്‍ വന്‍ അട്ടിമറി. ലോകം ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനെ മറിച്ചിട്ട ജര്‍മ്മന്‍ താരം അലക്സാണ്ടര്‍ സ്വരേവ് ഫൈനലില്‍ കടന്നു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 1-6, 6-3, 6-1 എന്ന സ്‌കോറിന് സ്വരേവിന്റെ ജയം.

ഇതോടെ ഒരേ വര്‍ഷം നാല് ഗ്രാന്‍ഡ്സ്ലാമുകളും ഒളിമ്പിക്സ് സ്വര്‍ണവുമായി ഗോള്‍ഡ്ന്‍ ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കാമെന്ന സെര്‍ബ് സ്റ്റാറിന്റെ സ്വപ്നം പൊലിഞ്ഞു. ഫൈനലില്‍ റഷ്യന്‍ താരം കരേന്‍ ഖചനോവാണ് സ്വരേവിന്റെ എതിരാളി. സ്പെയ്നിന്റെ പാബ്ലൊ കരേനൊ ബുസ്റ്റയെ മറികടന്ന് ഖചനോവിന്റെ വരവ് (63,63).

ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമാണ് ദ്യോക്കോവിച്ചിനെതിരെ സ്വരേവ് തിരിച്ചുവന്നത്. രണ്ടാം സെറ്റ് മുതല്‍ അപാര ഫോമിലെത്തിയ സ്വരേവ് തുടര്‍ച്ചയായി പത്ത് ഗെയിമുകള്‍ പിടിച്ചെടുത്ത് കലാശക്കളിക്ക് യോഗ്യത ഉറപ്പിച്ചു. ടോക്യോയില്‍ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് ദ്യോക്കോവിച്ച് സെമിയില്‍ പ്രവേശിച്ചത്. എന്നാല്‍ സ്വരേവിനെതിരായ മുഖാമുഖത്തില്‍ ദ്യോക്കോവിച്ചിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു.