സിന്ധുവിനോട് ഉളളത് അയലത്തെ പെണ്‍കുട്ടിയോട് തോന്നുന്ന അടുപ്പം; കാരണം ഇതാണ്

ലോക ബാഡ്മിന്റണില്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് സിന്ധു നമ്മളെ ഞെട്ടിച്ചത്. ലോക റാങ്കിംഗില്‍ തന്നേക്കാള്‍ ഒരുപടി മുന്നിലുളള ജപ്പാന്റെ നൊമസോമി ഒകുഹാരയ്‌ക്കെതിരെയായിരുന്നു സിന്ധുവിന്റെ വിജയം. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ സിന്ധു എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്കാണ് ജയിച്ചത്

എന്നാല്‍ സിന്ധുവിന്റെ വിജയത്തിന് പിന്നില്‍ കഠിന പ്രയത്‌നത്തിന്റെ ഒരു വലിയ കഥയുണ്ട്. പുലര്‍ച്ചെ നാലിന് എഴുനേറ്റ് കോര്‍ട്ടിലേക്ക് പോകുന്ന സിന്ധു കഠിന പരിശീലനത്തിലൂടെയാണ് ഈ നേട്ടങ്ങള്‍ എത്തിപ്പിടിച്ചത്. പ്രാക്ടീസ്, പ്രാക്ടീസ് എന്നത് മാത്രമായിരുന്നു സിന്ധുവിന്റെ വേദവാക്യം. ഈ വിട്ടുവീഴ്ച്ചയില്ലാത്ത മനോഭാവമാണ് സിന്ധുവിനെ നേട്ടത്തിന്റെ നെറുകയില്‍ എത്തിച്ചത്.

പലപ്പോഴും ഫോണ്‍ ഉപേക്ഷിക്കുന്ന ഈ പെണ്‍കുട്ടി സോഷ്യല്‍ മീഡിയിലും ശ്രദ്ധിക്കാറില്ല. റിയോ ഒളിമ്പിക്‌സില്‍ വെള്ളി നേടിയ ശേഷം ഒന്‍പത് മാസം സിന്ധു ഫോണ്‍ കൈ കൊണ്ടു പോലും തൊട്ടില്ല. കളിയില്‍ നിന്നും ശ്രദ്ധ തിരിക്കുന്ന യാതൊന്നും ജീവിതത്തില്‍ വേണ്ടെന്നാണ് സിന്ധുവിന്റെ നിലപാട്.

ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഏഴാമത്തെ വനിതാതാരമാണ് സിന്ധു. ഈയടുത്ത് ചൈനീസ് സ്‌പോട്‌സ് നിര്‍മ്മാണ കമ്പനിയായ ലീ നിങുമായി സിന്ധു ഒപ്പിട്ടത് 50 കോടിയുടെ കരാറാണ്. റിയോ ഒളിമ്പിക്‌സിന് ശേഷം 20 കോടിയോളം രൂപയാണ് സിന്ധുവിന് ഉപഹാരമായി മാത്രം ലഭിച്ചത്.

ഇന്ത്യന്‍ സ്‌പോട്‌സിലെ എക്കാലത്തേയും വലിയ ഐക്കണായി സിന്ധു ഉയര്‍ന്നു കഴിഞ്ഞു. എങ്കിലും അയലത്തെ പെണ്‍കുട്ടി എന്ന സ്‌നേഹനിര്‍ഭരമായ ഒരു ദൂരക്കുറവ് സിന്ധുവും ആരാധകരും തമ്മിലുണ്ട്. സിന്ധുവിനോടുളള സ്‌നേഹം ആ ബ്രാന്‍ഡിനും ലഭിക്കുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത് . സിന്ധുവിനെ ഒരു റോള്‍ മോഡലായി മാതാപിതാക്കളും കുട്ടികളും കാണുന്നുവത്രെ. ഇതാണ് സിന്ധുവിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്.