യു.എസ് ഓപ്പണ്‍; കിരീടത്തില്‍ മുത്തമിട്ട് നവോമി ഒസാക്ക

യു.എസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് ജപ്പാന്‍ താരം നവോമി ഒസാക്ക. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ നാലാം സീഡായ ഒസാക്ക 1-6, 6-3, 6-3 എന്ന സ്‌കോറിനാണ് എതിരാളിയായ ബെലാറസിന്റെ വിക്‌ടോറിയ അസരങ്കയെ പരാജയപ്പെടുത്തിയത്.

അസരെന്‍കയ്ക്കെതിരേ ആദ്യ സെറ്റില്‍ ദയനീയമായിരുന്നു ഒസാക്കയുടെ പ്രകടനം. 31കാരിയായ അസരങ്ക ആദ്യ സെറ്റില്‍ വെറും 26 മിനിറ്റിനുള്ളില്‍ ഒസാക്കയെ കീഴടക്കി. ഒരേയൊരു ഗെയിം മാത്രമാണ് താരത്തിനു നേടാന്‍ കഴിഞ്ഞത്. എന്നാല്‍ പിന്നീടുള്ള സെറ്റുകളില്‍ ഗംഭീര തിരിച്ചുവരവ് ഒസാക്ക നടത്തുകയായിരുന്നു.

Image
രണ്ടാം സെറ്റില്‍ അസറെങ്ക 2-0 ത്തിന് മുന്നില്‍ നില്‍ക്കവെയാണ് ഒസാക്ക തിരിച്ചുവരവ് നടത്തിയത്. 1994ലെ യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലിനു ശേഷം ആദ്യമായാണ് ഒരു താരം ആദ്യ സെറ്റ് നഷ്ടമായ ശേഷം തുടര്‍ന്നുള്ള സെറ്റുകളില്‍ ജയിച്ച് കിരീടം ചൂടുന്നത്.

Official Site of the 2020 US Open Tennis Championships - A USTA Event

22 കാരിയായ ഒസാക്കയുടെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. 2018ല്‍ യു.എസ് ഓപ്പണും 2019ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും ഒസാക്ക നേടിയിരുന്നു. 2018ല്‍ സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് ഒസാക്ക ആദ്യ ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കിയത്.