മെസിയുടെ മോഹം നടക്കില്ല; നേട്ടമാകുക ഇംഗ്ലീഷ് വമ്പന്മാര്‍ക്ക്

ലയണല്‍ മെസി ഏതൊരു ടീമിന്റെയും സ്വപ്‌നമാണ്. മെസിയുമായി പുതിയ കരാര്‍ ഒപ്പിടേണ്ടെന്ന സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ തീരുമാനം യൂറോപ്യന്‍ ഫുട്‌ബോളിലെ പല വമ്പന്‍മാര്‍ക്കും താരത്തെ സ്വന്തമാക്കാനുള്ള അവസരമൊരുക്കുന്നു. ബാഴ്‌സയോട് വഴിപിരിയുന്ന മെസിയുടെ മനസില്‍ ഫ്രാന്‍സാണ്. എന്നാല്‍ തന്റെ പഴയ കളിക്കൂട്ടുകാരന്‍ നെയ്മര്‍ക്കൊപ്പം വീണ്ടും ചേരുകയെന്ന മെസിയുടെ മോഹം സഫലമാകില്ലെന്ന് ഫുട്‌ബോള്‍ വിദഗ്ധര്‍ വിലയിരുത്തുന്നു.

ബാഴ്‌സയുമായുള്ള ബാന്ധവത്തിന് വിരാമമിട്ട മെസി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലേക്ക് ചേക്കേറാനാണ് നീക്കമിടുന്നത്. മെസിയെപോലുള്ള ഒരു വലിയ താരത്തെ വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയിലല്ല യൂറോപ്പിലെ പല ക്ലബ്ബുകളും. പിഎസ്ജിക്ക് മെസിയെ സ്വന്തമാക്കാനുള്ള പണക്കൊഴുപ്പുണ്ട്. എന്നാല്‍ ഫ്രാന്‍സിലെ നികുതി നിയമങ്ങള്‍ മെസിയുടെ പിഎസ്ജി പ്രവേശത്തിന് പ്രതിബന്ധം തീര്‍ക്കുന്നു. പ്രതിവര്‍ഷം മെസിക്ക് 30 മില്യണ്‍ യൂറോ (263 കോടി രൂപ) പിഎസ്ജി നല്‍കേണ്ടിവന്നാല്‍ അതവരുടെ ചെലവ് ഉയര്‍ത്തും. മെസുമായി കരാറിലെത്തിയാല്‍ ഒരു സീസണില്‍ 70 മില്യണ്‍ യൂറോ (615 കോടിയോളം രൂപ) പിഎസ്ജിക്ക് ചെലവിടേണ്ടിവരും.

സെര്‍ജിയോ റാമോസ്, ജിയാന്‍ലൂഗി ഡൊന്നാരുമ്മ, അഷ്‌റഫ് ഹാക്കിമി, ജോര്‍ജീനോ വൈനാള്‍ഡം എന്നി സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ച പിഎസ്ജി ഇതിനകം വന്‍തുക വിനിയോഗിച്ചുകഴിഞ്ഞു. അതിനാല്‍ത്തന്നെ സാമ്പത്തിക നിയമങ്ങള്‍ പാലിച്ചുള്ള ചെലവിടലിലൂടെ സൂപ്പര്‍ താരം കെയ്‌ലിയന്‍ എംബാപെയെ ടീമില്‍ നിലനിര്‍ത്താനാവും പിഎസ്ജി ശ്രമിക്കുക.

യൂറോപ്പിലെ അതി സമ്പന്ന ക്ലബ്ബുകളിലൊന്നായ പിഎസ്ജിയുടെ ഈ പരിമിതികള്‍ മെസിയെ സ്വന്തമാക്കുകയെന്ന ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ സിറ്റിയുടെ മോഹം യാഥാര്‍ത്ഥ്യമാക്കിയേക്കും. വന്‍ തുക വാരിയെറിഞ്ഞ് വിംഗര്‍ ജാക്ക് ഗ്രീലിഷിനെ പാളയത്തിലെത്തിച്ചെങ്കിലും സിറ്റിയുടെ പണസഞ്ചി ഒഴിഞ്ഞിട്ടില്ല. ഇംഗ്ലീഷ് ഫോര്‍വേഡ് ഹാരി കെയ്‌നുവേണ്ടി റെക്കോഡ് തുകയാണ് സിറ്റി മാറ്റിവച്ചിരിക്കുന്നത്. എന്നാല്‍ കെയ്‌നും സിറ്റിയും തമ്മിലെ കരാര്‍ ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. മെസിയെ ബാഴ്‌സ കൈവിട്ട സ്ഥിതിക്ക് സിറ്റിക്ക് മുന്നില്‍ പുതുവഴി തെളിയുകയാണ്. കെയ്‌നുമായുള്ള കരാര്‍ വേണ്ടെന്നുവെച്ച് മെസിയെ സ്വന്തമാക്കാനുള്ള യ്തനങ്ങളിലേക്ക് സിറ്റി കടക്കുമെന്നാണ് സൂചന.