കോബി ഇനിയില്ല, വിട വാങ്ങിയത് ബാസ്‌കറ്റ്‌ബോള്‍ കളിക്കാന്‍ മാത്രം ജനിച്ചവന്‍

കാലിഫോര്‍ണിയ: അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയന്റിന്റെ (41) ഹെലികോപ്റ്റര്‍ അപകടത്തിലുണ്ടായ മരണം, കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ലൊസാഞ്ചലസിനു സമീപം കാലാബാസിലായിരുന്നു ലോകത്തെ നടുക്കിയ അപകടമുണ്ടായത്. കോബി ബ്രയന്റിന്റെ പതിമൂന്നുകാരിയായ മകള്‍ ജിയാനയും അപകടത്തില്‍ മരിച്ചിരുന്നു.

ഇരുവരെയും കൂടാതെ ഏഴോളം യാത്രക്കാര്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പതു പേരും മരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. രാവിലെ പ്രാദേശിക സമയം പത്ത് മണിക്കാണ് അപകടമുണ്ടായത്. യുഎസ് ഫ്രാഞ്ചൈസ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് എന്‍ബിഎയിലെ ലൊസാഞ്ചലസ് ലേക്കേഴ്‌സിന്റെ മുന്‍ താരമാണ് കോബി ബ്രയന്റ്.

20 വര്‍ഷം നീണ്ടുനിന്ന കോബി ബ്രയന്റിന്റെ കായിക ജീവിതം ഇതിഹാസസമാനമായിരുന്നു. ലൊസാഞ്ചലസ് ലേക്കേഴ്‌സിനു വേണ്ടി ഉഴിഞ്ഞു വെച്ചതായിരുന്നു ആ ജീവിതം. എന്‍ബിഎ മത്സരക്രമത്തിലെ ഏറ്റവും ഉയര്‍ന്ന പദവിയായ ഓള്‍സ്റ്റാര്‍ 18 തവണയാണ് കോബി നേടിയത്. അഞ്ച് തവണ ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കി.

2008, 2012 ഒളിമ്പിക്സുകളില്‍ സ്വര്‍ണം നേടിയ യുഎസ് ടീമിന്റെ ഭാഗമായി. 2018- ല്‍ മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ കോബി നിര്‍മ്മിച്ച ഡിയര്‍ ബാസ്‌കറ്റ്‌ബോള്‍ ഓസ്‌കര്‍ നേടിയിരുന്നു. അപകടത്തില്‍പെട്ട മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.