ഭാര്യയ്ക്ക് പരിക്കേറ്റു; സങ്കടമടക്കാതെ ഇഷാന്ത്: മറുപടി വൈറല്‍

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ തുടർച്ചയായ തോൽ‌വിയിൽ അടിപതറിയിരിക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് അഭിമാനക്ഷതം തുടർകഥയാവുകയാണ്. ആദ്യ രണ്ടു ടെസ്റ്റുകളിലെ തുടര്‍ച്ചയായ ദയനീയ പരാജയങ്ങള്‍ താരങ്ങളെ തികച്ചും അശാന്തരാക്കി.

സെഞ്ച്യൂറിയനില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ ബോളറായിരുന്ന ഇഷാന്ത് ശര്‍മ്മയുടെ ഇന്‍സ്റ്റാഗ്രാം മറുപടിയാണ് ഇപ്പോള് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബാസ്കറ്റ് ബോള്‍ താരമായ ഇഷാന്ത് ശര്‍മയുടെ ഭാര്യ പ്രതിമയ്ക്ക് കഴിഞ്ഞ ദിവസം മത്സരത്തിനിടെ പരിക്ക് പറ്റിയിരുന്നു. പരുക്ക് നിസ്സാരമാണെങ്കിലും പ്രതിമ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് എഴുതിയത് ഇങ്ങനെയാണ്;- കോര്‍ട്ടില്‍ കഠിനമായി അധ്വാനിക്കുന്ന ഒരു കായികതാരത്തിന്റെ അടയാളമാണ് ഈ പരുക്ക്.

വിജയിയുടെ തോല്‍ക്കാത്ത സമീപനത്തിന്റെ ചിഹ്നം. പോരാളി. അതേസമയം, ചിത്രം പോസ്റ്റ് ചെയ്തയുടന്‍ ദക്ഷിണാഫ്രിക്കയില്‍‍ നിന്ന് ഇഷാന്തിന്റെ മറുപടിയും വന്നു. വിജയീ, ഇനി കളിക്കൂമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണേ. ദക്ഷിണാഫ്രിക്കയില്‍ ഇരിക്കുന്ന എന്നെ ഇനിയും പരിഭ്രാന്തനാക്കരുതേ ! എന്നതായിരുന്നു ഇഷാന്തിന്റെ ഫാസ്റ്റ് റിപ്ലൈ.

ഭാര്യയോടുള്ള ഇന്ത്യൻ താരത്തിന്റെ സ്നേഹവും ഉല്‍കണ്ഠയും നിറഞ്ഞ മറുപടിക്കു സമൂഹ മാധ്യമങ്ങളിൽ കിട്ടിയതു നിറഞ്ഞ കയ്യടിയായിരുന്നു. ദേശീയ ബാസ്കറ്റ് ബോള്‍ താരമായ പ്രതിമ സിങ്ങും ഇഷാന്തും 2016 ഡിസംബര്‍ 10 നാണു വിവാഹിതരായത്.