ഇറാനിലെ വനിതകള്‍ക്ക് ഇനി മുതല്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നേരിട്ട് കാണാം; വിലക്ക് നീക്കി സര്‍ക്കാര്‍

ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളിലെത്തി കാല്‍പ്പന്ത് മത്സരങ്ങള്‍ കാണുന്നതിന് സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇറാന്‍ പിന്‍വലിച്ചു. ഫിഫാ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോയാണ് നിയന്ത്രണം പിന്‍വലിച്ച കാര്യം വ്യക്തമാക്കിയത്. ഇതോടെ കായിക മത്സരങ്ങള്‍ നേരിട്ട് കാണുന്നതിന് അനുമതി തേടി ദീര്‍ഘനാളുകളായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്.

സ്റ്റേഡിയങ്ങളിലെത്തി കായിക മത്സരങ്ങള്‍ കാണുന്നതിനുള്ള വിലക്കിനെതിരെ ഇറാനില്‍ വര്‍ഷങ്ങളായി സ്ത്രീകള്‍ പ്രതിഷേധത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രതിഷേധങ്ങള്‍ ശക്തമായതിന് പിന്നാലെ സഹര്‍ ഖൊദായാരി എന്ന യുവതി സ്റ്റേഡിയത്തില്‍ പ്രവേശിക്കുകയും ഇതിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കു വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സഹറിനെതിരെ നിയമനടപടി സ്വീകരിക്കുകയും ആറുമാസത്തോളം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് യുവതി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയും പിന്നീട് ആശുപത്രിയില്‍ മരിക്കുകയുമായിരുന്നു.

പിന്നീട് ബ്ലൂ ഗേള്‍ എന്നറിയപ്പെട്ട സഹറിന്റെ മരണം ഇറാനില്‍ വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായി. യുവതിയുടെ മരണത്തോടെ തുല്യതക്ക് വേണ്ടി സ്ത്രീകള്‍ നടത്തുന്ന സമരം ശക്തമായതിന് പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. അടുത്ത മാസം തെഹ്‌റാനില്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ടീമിന്റെ ലോകകപ്പ് യോഗ്യതാ മത്സരം കാണുന്നതിനാണ് ആദ്യഘട്ടത്തില്‍ സ്ത്രീകള്‍ക്ക് രാജ്യം അനുമതി നല്‍കിയത്. ഫിഫാ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോ കായിക മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് നിര്‍ണായക തീരുമാനത്തിന് കളമൊരുങ്ങിയത്.

ലോകകപ്പ് യോഗ്യതാ മത്സരം കാണുന്നതിന് സ്ത്രീകള്‍ക്ക് അനുമതി നല്‍കിയതോടെ പ്രതിഷേധങ്ങള്‍ക്ക് അറുതി വരുത്താമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിനും മത്സരങ്ങള്‍ വീക്ഷിക്കുന്നതിനും 1981 ലാണ് ഇറാനില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.