മെഡല്‍ പങ്കിടുന്നത് സ്വപ്നം കണ്ടവര്‍; നോവുകളില്‍ സാന്ത്വനമേകിയവര്‍

ടോക്യോയിലെ ഒളിമ്പിക് വേദിയില്‍ ഹൈജമ്പിലെ സ്വര്‍ണമെഡല്‍ പങ്കിട്ട ഇറ്റലിയുടെ ജിയാന്‍മാര്‍ക്കോ തംബേരിക്കും ഖത്തറിന്റെ മുതാസ് എസ ബാര്‍ഷിമിനും കൈയടിക്കുകയാണ് കായികലോകം. ഒളിമ്പിക്സില്‍ ആദ്യമായി സുവര്‍ണനേട്ടം പകുത്തെടുത്ത് രണ്ട് താരങ്ങള്‍ സൗഹൃദത്തിന്റെയും ഹൃദയവിശാലതയുടെയും മാന്യതയുടെയും മാനവികതയുടെയും ഉത്തമോദാഹരണം തീര്‍ത്തപ്പോള്‍ അത് പുതുചരിത്രമായി. കളത്തിനകത്തും പുറത്തും കൂട്ടുകാരായ തംബേരിയും ബാര്‍ഷിമും ഈ അനുപമ നിമിഷം വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വപ്നം കണ്ടതാണ്.

കരിയറിലെ പരിക്കുകളെ അതിജീവിച്ചാണ് തംബേരിയും ബാര്‍ഷിമും കായികരംഗത്തെ മഹത് വേദിയായ ഒളിമ്പിക്സില്‍ അമൂല്യ വിജയം കൈയെത്തിപിടിച്ചത്. 2016 റിയോ ഒളിമ്പിക്സിന് മുമ്പ് പരിക്കിന്റെ വേദന ശരിക്കും അനുഭവിച്ചറിഞ്ഞതാണ് തംബേരി. അക്കുറി തംബേരിയുടെ ഒളിമ്പിക്സ് സ്വപ്നങ്ങളും പരിക്ക് തകര്‍ത്തു. ഏറെക്കാലം തന്നെ പരിക്ക് വേട്ടയാടുമെന്ന് തംബേരി ഭയന്നു. എന്നാല്‍ ബാര്‍ഷിമിന്റെ പിന്തുണ മത്സര രംഗത്തേക്ക് തിരിച്ചെത്താന്‍ തംബേരിയ സഹായിച്ചു.

2017-19 കാലയളവില്‍ ബാര്‍ഷിമിനെയും പരിക്ക് വേട്ടയാടാന്‍ തുടങ്ങി. ഈ സമയത്താണ് ബാര്‍ഷിം രണ്ടു ലോക ചാമ്പ്യന്‍ഷിപ്പുകളിലെ സ്വര്‍ണം നേടിയത്. വളരെ നേരത്തെ തന്നെ ഒളിമ്പിക്സ് സ്വര്‍ണം പങ്കുവെയ്ക്കുന്നതിനെ കുറിച്ച് താനും തംബേരിയും സംസാരിച്ചിരുന്നതായി ബാര്‍ഷിം വെളിപ്പെടുത്തുന്നു. ടോക്യോയിലേത് സ്വപ്ന സാക്ഷാത്കാരമാണെന്നും മാനവികതയുടെ സന്ദേശം പകരാനാണ് ഉദ്ദേശിച്ചതെന്നും ബാര്‍ഷിം പറഞ്ഞു.

ഹൈജമ്പില്‍ 2.39 മീറ്റര്‍ ഉയരമാണ് തംബേരിയും ബാര്‍ഷിമും കുറിച്ചത്. ഇരുവരും മൂന്നു തവണ ശ്രമിച്ചെങ്കിലും കൂടുതല്‍ ഉയരം മറികടക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇരു താരങ്ങളും സ്വര്‍ണ മെഡല്‍ പങ്കിടാന്‍ തീരുമാനിക്കുകയായിരുന്നു.