ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റോജര്‍ ഫെഡറര്‍ ഫൈനലില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍ ഫൈനലില്‍. ദക്ഷിണകൊറിയന്‍ താരം ചങ് ഹിയോണിനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ ഫൈനലില്‍ ഇടം നേടിയത്. ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചാണ് ഫെഡററിന്റെ ഫൈനല്‍ എതിരാളി. 6-1, 5-2 എന്ന സ്‌കോറില്‍ ഫെഡ് എക്‌സ്പ്രസ് മുന്നില്‍ നില്‍ക്കുമ്പോള്‍ ഹിയോണ്‍ പരുക്കേറ്റ് പിന്‍മാറുകയായിരുന്നു.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ജയിക്കാനായാല്‍ ആറാം ഓസ്‌ട്രേലിയന്‍ കിരീടവും ഫെഡററിന്റെ 20ാം ഗ്രാന്‍സ്ലാം കിരീടമാകുമത്. സിഡില്ലാ താരമായ ചങ് ഹിയോണ്‍ പുതിയ ചരിത്രം കുറിച്ചാണ് സെമിയില്‍ തോല്‍വി സമ്മതിച്ച് പുറത്തായത്. കൊറിയന്‍ ടെന്നീസ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റാക്കറ്റേന്തുന്നത്.

പോയ വര്‍ഷം വിംബിള്‍ഡന്‍ ഫൈനലില്‍ സിലിക് തന്നെയായിരുന്നു ഫെഡററുടെ എതിരാളി. നേരത്തെ, ചെക്ക് റിപ്പബ്ലിക്കിന്റെ ടോമസ് ബെര്‍ഡിച്ചിനെ 7-6, 6-3, 6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഫെഡറര്‍ സെമിയില്‍ കടന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിച്ച 106 മല്‍സരങ്ങളില്‍ തൊണ്ണൂറ്റിമൂന്നും വിജയിക്കാന്‍ കഴിഞ്ഞുവെന്ന നേട്ടവും ഫെഡറര്‍ സ്വന്തമാക്കി.