ബി.എം.ഡബ്ല്യു വിവാദത്തിനിടെ മാനേജരുമായി വഴിപിരിഞ്ഞ് ദ്യുതി ചന്ദ്

പരിശീലന ചെലവിന് പണം കണ്ടെത്താന്‍ പ്രശസ്ത അത് ലറ്റ് ദ്യുതി ചന്ദ് ആഡംബര കാര്‍ വില്‍പ്പനയ്ക്കു വെച്ചു എന്ന വാര്‍ത്ത ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ ഈ വിവാദത്തിനിടെ തന്റെ മാനേജരുമായി വഴിപിരിഞ്ഞിരിക്കുകയാണ് ദ്യുതി ചന്ദ്. മാനേജര്‍ തപി മിശ്രയുമായി വഴിപിരിഞ്ഞ വിവരം ദ്യുതി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പരസ്പര സമ്മതത്തോടെയാണ് പിരിയാന്‍ തീരുമാനിച്ചതെന്ന് ദ്യുതി ട്വീറ്റില്‍ പറയുന്നു.

“പ്രസ്താവന: എന്റെ മാനേജരായ തപി മിശ്രയുമായി പരസ്പ സമ്മതത്തോടെ പിരിയാന്‍ തീരുമാനിച്ചു. ജോലിയില്‍ വളരെ ദൃഢമായ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. പുതിയ മാനേജരെ കണ്ടെത്തുന്നതുവരെ ദ്യുതിചന്ദ് അറ്റ് ജിമെയില്‍ ഡോട്.കോം എന്ന അഡ്രസില്‍ ബന്ധപ്പെടുക” ദ്യുതി ട്വിറ്ററില്‍ കുറിച്ചു.

കാര്‍ വില്‍പ്പനയ്ക്ക് വെച്ചത് വിവാദമായതോടെ ആഡംബര കാര്‍ കൊണ്ടുനടക്കുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടു നിമിത്തമാണ് വില്‍ക്കാന്‍ ആലോചിക്കുന്നതെന്നു ദ്യുതി വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെ ദ്യുതിയ്ക്ക് നല്‍കിയ സാമ്പത്തിക സഹായങ്ങളുടെ കണക്ക് പുറത്തു വിട്ട് ഒഡിഷ സര്‍ക്കാര്‍ രംഗത്ത് വരികയും ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ദ്യുതിക്ക് നല്‍കിയ സാമ്പത്തിക സഹായങ്ങളാന്ന് ഒഡിഷ സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. ഇതുപ്രകാരം 2015 മുതല്‍ ഇതുവരെ ദ്യുതിക്ക് 4.09 കോടി രൂപയാണ് ഒഡിഷ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.

Indian Sprinter Dutee Chand Disassociates From Her Manager Tapi Mishra

ഒഡിഷ മൈനിംഗ് കോര്‍പറേഷനില്‍ എ ലെവല്‍ ഓഫീസറായി ജോലിയുള്ള ദ്യുതിക്ക് നിലവില്‍ 84604 രൂപയാണ് മാസശമ്പളം. ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്ക് ഓഫീസില്‍ വരാതിരുന്നാലും ദ്യുതിക്ക് പ്രശ്നമില്ല. എന്നാല്‍ ഒഡിഷ മൈനിംഗ് കോര്‍പറേഷനില്‍ നിന്നുള്ള തന്റെ ശമ്പളം 60,000 രൂപയാണെന്നും വാര്‍ത്തകളില്‍ പറയുന്നതു പോലെ 80,000 രൂപയല്ലെന്നുമാണ് ദ്യുതി പറയുന്നത്.