മുഖത്ത് കരിപുരട്ടി കളികാണാനെത്തിയ ബെല്‍ജിയം ടീമിന്റെ 'വിശ്വാസം' കണ്ട് അമ്പരന്ന് കായിക ലോകം

വിശ്വാസം പല രീതിയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍, ഇതെന്ത് വിശ്വാസമെന്നാണ് കലിംഗ സ്‌റ്റേഡിയത്തിലെ സെക്യൂരിറ്റിക്കാര്‍ ആശ്ചര്യപ്പെടുന്നത്. സംഭവം ഇതാണ്. ഹോക്കി വേള്‍ഡ് ലീഗില്‍ പങ്കെടുക്കാനെത്തിയ ബെല്‍ജിയം ടീമിന്റെ പ്രവര്‍ത്തിയാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഹിറ്റായിക്കൊണ്ടിരിക്കുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ മുഖത്ത് കരിപുരട്ടിയും മുഖം മറച്ചും അര്‍ധരാത്രി സ്റ്റേഡിയത്തിലെത്തിയ ബെല്‍ജിയം താരങ്ങളെ കണ്ട് സെക്യൂരിറ്റിക്കാര്‍ ഞെട്ടി. വിശ്വാസമല്ലേ എല്ലാം എന്നായി സെക്യൂരിറ്റിക്കാരുടെ ചോദ്യത്തിന് ബെല്‍ജിയം താരങ്ങളുടെ മറുപടി. തോറ്റ ഗ്രൗണ്ടില്‍ ചെന്ന് ഗോള്‍പോസ്റ്റില്‍ മുഖത്ത് കരിപുരട്ടി തുറിച്ചു നോക്കിയാല്‍ അടുത്ത മത്സരം ജയിക്കാമെന്നാണ് ബെല്‍ജിയം താരങ്ങളുടെ വിശ്വാസം.

ഇതിന്റെ പുറത്താണ് അര്‍ധരാത്രി ഹോട്ടലില്‍ നിന്നിറങ്ങി കിലോമീറ്ററുകളോളം ഇപ്പുറത്തുള്ള സ്റ്റേഡിയത്തില്‍ 12ഓളം ബെല്‍ജിയം താരങ്ങളെത്തിയത്. വിശ്വാസമൊക്കെ നല്ലത്. പക്ഷേ, അര്‍ധരാത്രി സ്റ്റേഡിയത്തിലേക്ക് നോ പ്രവേശനം എന്ന് സെക്യൂരിറ്റിക്കാര്‍ പറഞ്ഞതോടെ പൊലീസുകാര്‍ക്ക് സ്ഥലത്ത് എത്തേണ്ടി വന്നു. തുടര്‍ന്ന് ഇവരെ ഹോട്ടലിലേ്ക്ക് തിരിച്ചയക്കുകയായിരുന്നു. പോലീസ് സംരക്ഷണയിലാണ് ഇവരെ തിരിച്ച് ഹോട്ടലില്‍ എത്തിച്ചത്. അതേസമയം വെറുതെ നടക്കാനിറങ്ങിയതായിരുന്നെന്നും രസത്തിനാണ് ഗ്രൗണ്ടിലെത്തിയതെന്നും ബെല്‍ജിയം താരം പറഞ്ഞു.