കളം നിറഞ്ഞ് വോസ്‌നിയാസ്‌കി, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഡെന്‍മാര്‍ക്കിലേക്ക്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം ഡെന്‍മാര്‍ക്കിലേക്ക്. റുമാനിയന്‍ താരം സിമോണ ഹാലെപ്പിന് മൂന്നാം തവണയും ഫൈനലില്‍ കാലിടറി. മൂന്നു മണിക്കൂറോളം നീണ്ട് നിന്ന പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ ഡെന്‍മാര്‍ക്ക് താരം കരോളിന്‍ വോസ്‌നിയാസ്‌കി കന്നി ഗ്രാന്‍സലാം കീരീടത്തില്‍ മുത്തമിട്ടു.  7-6, 3-6, 6-4 എന്ന സ്‌കോറിനാണ് വോസ്‌നിയാസ്‌ക്കി സിമോണ ഹാലെപ്പിനെ വീഴ്ത്തിയത്.

വോസ്‌നിയാസ്‌കിയുടെയും സിമോണ ഹാലേപ്പിന്റെയും മൂന്നാം ഗ്രാന്‍സ്ലാം ഫൈനലായിരുന്നു ഇത്. റുമാനിയന്‍ താരത്തെ മൂന്നാമതും ഫൈനല്‍ കൈവിട്ടപ്പോള്‍ വോസ്‌നിയാസ്‌കിയുടെ ആദ്യ കിരീടനേട്ടമായി. വിജയത്തോടെ ലോക ഒന്നാം നമ്പര്‍ പദവിയും വോസ്‌നിയാസ്‌ക്കി ഹാലെപ്പില്‍നിന്ന് പിടിച്ചെടുത്തു.

ഇത് പതിനേഴാം തവണയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ രണ്ടു സീഡുകള്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത് എന്ന പ്രത്യേകതയുമുണ്ട്. സെമിയില്‍ സീഡ് ചെയ്യാത്ത എലീസ് മെര്‍ട്ടന്‍സിനെ 6-3, 7-6 എന്ന സ്‌കോറിനാണ് വോസ്‌നിയാസ്‌കി തോല്‍പ്പിച്ചത്. 2009ല്‍ യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടന്നിട്ടുള്ള വോസ്‌നിയാസ്‌കിക്ക് എട്ടുവര്‍ഷമായിട്ടും ഒരു കിരീടം സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. 67 ആഴ്ച ലോക ഒന്നാം സീഡായിരുന്നിട്ടും വോസ്‌നിയാസ്‌കിക്ക് ഒരു ഗ്രാന്‍സ്ലാം നേടാനും കഴിഞ്ഞിരുന്നില്ല.