ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഫെഡ് എക്‌സ്പ്രസ് കുതിക്കുന്നു

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ പ്രവേശിച്ച് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ടൂര്‍ണമെന്റിലെ രണ്ടാം സീഡായ ഫെഡറര്‍, ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പത്തൊമ്പതാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെമിയിലെത്തിയത്. സ്‌കോര്‍- 7-6, 6-3, 6-4.

ആദ്യ സെറ്റില്‍ മാത്രമാണ് ഫെഡറര്‍ക്ക് ബര്‍ഡി കുറച്ചെങ്കിലും വെല്ലുവിളിയായത്. എന്നാല്‍ 4-5ന് പിന്നിലായിരുന്ന ഫെഡറര്‍ അവിശ്വസനീയമാംവിധം ടൈ ബ്രേക്കറിലൂടെ തിരിച്ചെത്തി ആദ്യ സെറ്റ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റില്‍ അത്യുജ്ജല പ്രകടനം പുറത്തെടുത്ത സ്വിസ് താരത്തിന് മുന്നില്‍ ബെര്‍ഡിക്ക് തികച്ചും നിഷ്പ്രഭനായി. മൂന്നാം സെറ്റില്‍ തിരിച്ചുവരാന്‍ ചെക്ക് താരം ശ്രമിച്ചെങ്കിലും, ഫെഡററുടെ പ്രതിഭയ്ക്കു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ദക്ഷിണകൊറിയയുടെ ഹിയോന്‍ ചുങ്ങാണ് ഫെഡററുടെ സെമിയിലെ എതിരാളി.

നേരത്തെ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്തായിരുന്നു. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യന്‍ താരം മരിയന്‍ സിലിച്ചാണ് ഒന്നാം സീഡ് നദാലുമായി ഏറ്റുമുട്ടിയത്.ആറാം സീഡായ സിലിച്ചും നഡാലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നെങ്കിലും അവസാനം പരിക്കിന്റെ പിടിയിലകപ്പെട്ട നദാല്‍ നിര്‍ണായകമായ അഞ്ചാം സെറ്റില്‍ പിന്മാറുകയായിരുന്നു.