'കുഞ്ഞിന്റെ നിഷ്‌കളങ്കമായ കരച്ചില്‍ പോലും അരോചകമായി തോന്നി'; അമ്മയായ ശേഷം സെറീന വില്യംസിന് മനംമാറ്റം

കരിയറില്‍ തിളങ്ങി നിന്ന സമയത്താണ് ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ഗര്‍ഭവതിയായി കളം വിട്ട് വിശ്രമത്തിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ മുപ്പത്തിയാറുകാരിയായ സെറീന അലെക്‌സിസ് ഒളിമ്പിയായ്ക്ക് ജന്മം നല്‍കിയത്. പ്രസവനാളുകളില്‍ താന്‍ വളരെ അധികം വിഷമിച്ച നാളുകളായിരുന്നു എന്നാണ് സെറീന പറയുന്നത്. വോഗ് മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് പ്രസവ ശേഷമുള്ള സങ്കീര്‍ണ്ണതകളെ കുറിച്ച് സെറീന പറഞ്ഞത്.

ഞാന്‍ വളരെ അധികം വിഷമിച്ച നാളുകളായിരുന്നു അത്. കുഞ്ഞിന്റെ ഹൃദയമിടുപ്പ് കുറയുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സിസേറിയന്‍ ചെയ്യുകയായിരുന്നു. അതേ തുടര്‍ന്ന് എനിക്ക് ശ്വാസ തടസം ആരംഭിച്ചു. ഉടനെ തന്നെ സിടി സ്‌കാന്‍ ചെയ്തു. ശ്വാസകോശത്തിലും അടിവയറ്റിലും രക്തം കട്ടപിടിച്ചതായി കണ്ടു. തുടര്‍ന്നങ്ങോട്ടുള്ള എന്റെ ദിവസങ്ങള്‍ എങ്ങെയാണ് കടന്നു പോയതെന്ന് എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യെന്നും സെറീന പറയുന്നു.

സിസേറിയന് ശേഷം ഒന്നിലധികം ഓപ്പറേഷനുകള്‍ക്ക് വിധേയയാകേണ്ടി വന്നു. അമ്മയായ നിമിഷം വളരെ അധികം സന്തോഷം തോന്നിയെങ്കിലും അതിന് ഏറെ ആയുസ്സ് ഉണ്ടായില്ലെന്ന് സെറീന പറയുന്നു. ആറ് ആഴ്ചയോളം കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പറ്റാതെ വേദന തിന്നു കിടന്നു. ആ നിമിഷങ്ങളില്‍ കുഞ്ഞിന്റെ കരച്ചില്‍ പോലും തനിക്ക് അരോചകമായി തോന്നിയെന്ന്് സെറീന പറഞ്ഞു.

കുടുംബത്തിന്റെ ശക്തമായ പിന്തുണയാണ് ഈ സമയങ്ങളില്‍ തനിക്ക് തുണയായതെന്ന് സെറീന പറയുന്നു. അമ്മ നല്‍കിയ പിന്തുണയില്‍ ബൈബിള്‍ വായിച്ച് പ്രത്യാശ നിറയ്ക്കുകയായിരുന്നെന്നും സെറീന പറഞ്ഞു