ലോകത്തിലെ സമ്പന്നരായ വനിതാ കായികതാരങ്ങളുടെ പട്ടിക പുറത്തു വിട്ട് ഫോബ്‌സ്; ഇടം നേടി പി. വി. സിന്ധുവും

ഫോര്‍ബ്സ് മാസികയുടെ ഏറ്റവും വരുമാനമുള്ള വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഇടംനേടി. പട്ടികയിലെ ഏക ഇന്ത്യന്‍ താരം സിന്ധുവാണ്.

5.5 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനവുമായി ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തിറക്കിയ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് പി. വി. സിന്ധു. ടെന്നീസ് താരങ്ങള്‍ക്ക് ആധിപത്യമുള്ള പട്ടികയില്‍ 29.2 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനവുമായി അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസാണ് ഒന്നാം സ്ഥാനത്ത്.

2018-ലെ യു.എസ് ഓപ്പണ്‍ ചാമ്പ്യനായ ജപ്പാന്‍ ടെന്നീസ് താരം നവോമി ഒസാക്കയാണ് സമ്പന്നയായ വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ രണ്ടാമത്. 24.3 മില്യണ്‍ ഡോളറാണ് ഒസാക്കയുടെ വാര്‍ഷിക വരുമാനം. 11.8 മില്യണ്‍ ഡോളര്‍ വരുമാനവുമായി ആഞ്ജലീന കെര്‍ബര്‍ മൂന്നാം സ്ഥാനത്തുണ്ട്.

ജൂണ്‍ 2018 മുതല്‍ 2019 ജൂണ്‍ വരെയുള്ള കാലയളവില്‍ ഏറ്റവും കുറഞ്ഞത് അഞ്ച് മില്യണ്‍ ഡോളറെങ്കിലും നേടിയ വനിതാ കായികതാരങ്ങളെയാണ് ഫോര്‍ബ്‌സ് പരിഗണിച്ചത്. പ്രൈസ് മണി, ശമ്പളം, ബോണസ്, പരസ്യവരുമാനം എന്നിവയാണ് താരങ്ങളുടെ വരുമാനത്തില്‍ പരിഗണിച്ചത്.