ബാഴ്സലോണ വിട്ടതു ഭാഗ്യമായി, ഗോളടിച്ചു കൂട്ടി പാകോ അൽകാസർ

Gambinos Ad
ript>

ഈ സീസണിൽ സുവാരസിനു പകരക്കാരൻ താരമായി മുനിർ എൽ ഹദാദിയെ ബാഴ്സയിലേക്കു തിരികെ വിളിച്ചത് പാകോ അൽകാസറിനു ചില്ലറ ഭാഗ്യമല്ല കൊണ്ടു വന്നിരിക്കുന്നത്. കഴിഞ്ഞ സീസണിൽ അവസരങ്ങൾ കുറവായതിനാൽ ഗോൾ കണ്ടെത്താനാവാതെ വിഷമിച്ചിരുന്ന സ്പാനിഷ് താരം ഈ സീസണിൽ തമാശയെന്ന പോലെയാണ് ഗോളുകൾ അടിച്ചു കൂട്ടുന്നത്. ലോണിൽ ബാഴ്സയിൽ നിന്നും ഡോർട്മുണ്ടിലേക്കു ചേക്കേറിയ താരം ക്ലബിനു വേണ്ടി നാലു മത്സരങ്ങളിൽ വെറും 170 മിനുട്ടുകൾ മാത്രം കളിച്ച് ഏഴു ഗോളുകൾ നേടി അതിനു പിന്നാലെ സ്പെയിൻ ടീമിലേക്കും ഇടം പിടിച്ചിരുന്നു. ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ സ്പെയിനു വേണ്ടിയും തന്റെ ഗോളടിമേളം അൽകാസർ തുടർന്നു.

Gambinos Ad

https://twitter.com/bvbnewscom/status/1050462196885532673

വെയ്ൽസിനെതിരെ ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ സ്പെയിൻ ഒന്നിനെതിരെ നാലു ഗോളുകൾക്ക് വിജയിച്ചപ്പോൾ അതിൽ രണ്ടു ഗോളുകൾ പാകോ അൽകാസറിന്റെ വകയായിരുന്നു. ഈ സീസണിൽ താരം ക്ലബിനും ദേശീയ ടീമിനുമായി നേടുന്ന ഒൻപതാമത്തെ ഗോളായിരുന്നു അത്. ആകെ അഞ്ചു മത്സരങ്ങൾ കളിച്ച് അതിൽ രണ്ടെണ്ണത്തിൽ മാത്രം ആദ്യ ഇലവനിൽ ഇറങ്ങിയാണ് അൽകാസർ ഈ സീസണിൽ ഗോളടിച്ചു കുതിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ റാമോസ്, ബാർട എന്നിവർ സ്പെയിനിന്റെ മറ്റു ഗോളുകൾ നേടിയപ്പോൾ വെയിൽസിന്റെ ആശ്വാസ ഗോൾ സാം വോക്സിന്റെ വകയായിരുന്നു.

കഴിഞ്ഞ സീസണിൽ അവസരം കിട്ടുമ്പോൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്ന അൽകാസറിന് ഈ സീസണിലും സുവാരസിനു കീഴിൽ ചാൻസ് കുറവാവുമെന്നതു കൊണ്ടാണ് താരത്തെ ബാഴ്സ ലോണിൽ അയച്ചത്. അതു താരത്തിന് തന്റെ കഴിവു തെളിയിക്കാനുള്ള ഒരു അവസരമായി. പുതിയ പരിശീലകൻ എൻറിക്വയുടെ കീഴിൽ തകർപ്പൻ പ്രകടനം തുടരുന്ന സ്പെയിന് ഒരു മികച്ച സ്ട്രൈക്കറുടെ അഭാവമുണ്ടായിരുന്നു. ആ കുറവു പരിഹരിക്കാൻ അൽകാസറിനു കഴിയുമെന്നാണ് ഇന്നലത്തെ പ്രകടനം തെളിയിക്കുന്നത്. ഇംഗ്ലണ്ടിനെതിരെയും ഗോൾവേട്ട തുടർന്നാൽ ടീമിലെ സ്ഥിരം സാന്നിധ്യമാവാൻ താരത്തിനു കഴിയും.