
കഴിഞ്ഞ സീസണിലാണ് ജംഷഡ്പൂർ എഫ്സി ആദ്യമായി ഐഎസ്എല്ലിലെത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വന്തമായി മൈതാനമുള്ള ഒരേയൊരു ക്ലബാണ് ജംഷഡ്പൂർ. ടാറ്റായുടെ നേതൃത്വമാണ് ജംഷഡ്പൂരിന്റെ പ്രധാന കരുത്ത്. മികച്ച മാനേജ്മെൻറ് സ്വന്തമായി ഉണ്ടെന്നതു കൊണ്ടു തന്നെ അവർ ടീമിനും ആരാധകർക്കും വേണ്ടി ചെയ്യുന്ന പല കാര്യങ്ങളും പ്രശംസയർഹിക്കുന്നതാണ്. ഇപ്പോൾ മറ്റെല്ലാ ഐഎസ്എൽ ക്ലബുകൾക്കും മാതൃകയാക്കാവുന്ന ഗംഭീരമായൊരു ആശയം നടപ്പിലാക്കിയിരിക്കുകയാണ് ജംഷഡ്പൂർ എഫ്സി.
#JamshedpurFC plan a grand opening of the #JFC #FanPark on October 2! https://t.co/qNsF975VH8 https://t.co/qNsF975VH8
— Arunava Chaudhuri (@Arunfoot) September 30, 2018

തങ്ങളുടെ ആരാധകർക്കു കൂട്ടമായിരുന്നു കളി കാണുന്നതിനു വേണ്ടി ഫാൻ പാർക്കുകൾ ഒരുക്കിയാണ് ജംഷഡ്പൂർ എഫ്സി ഐഎസ്എല്ലിൽ വിപ്ലവാത്മകമായ ഒരാശയത്തിനു തുടക്കമിട്ടിരിക്കുന്നത്. എവേ മത്സരങ്ങൾ നടക്കുമ്പോൾ മാത്രമാണ് ഇത്തരം ഫാൻപാർക്കുകൾ ജംഷഡ്പൂർ എഫ്സി ഒരുക്കുന്നത്. മറ്റു സ്ഥലങ്ങളിൽ പോയി ടീമിന്റെ കളി കാണാൻ കഴിയാത്ത ആരാധകർക്ക് വലിയ സ്ക്രീനിൽ ഒരുമിച്ചിരുന്നു കളി കാണാൻ ഇതു കൊണ്ടു കഴിയും. ഇതു വരെ രണ്ടു ഫാൻ പാർക്കുകളാണ് അവർ ഒരുക്കിയത്. അയ്യായിരത്തിലധികം പേർ കളി കാണാനുമെത്തിയിരുന്നു.
യൂറോപ്യൻ രാജ്യങ്ങളിലെ ക്ലബുകൾ വളരെയധികം പിന്തുടരുന്ന രീതിയാണ് ഫാൻ പാർക്കുകൾ. ബ്ലാസ്റ്റേഴ്സിനെ പോലെ കനത്ത ആരാധക പിന്തുണയുള്ള ക്ലബുകൾ ഇത്തരം ആശയങ്ങളെ പിന്തുടരുന്നത് വളരെ ഗുണകരമാണ്. ആരാധകരുടെ വലിപ്പം കൂടാനും ആരാധകർ തമ്മിലുള്ള കെട്ടുറപ്പും ആശയവിനിമയവും വർദ്ധിക്കാനും ഇത്തരം തീരുമാനങ്ങൾ കൊണ്ടു സാധിക്കും.