സിദാന്‍ റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനം രാജിവെച്ചു- റിപ്പോര്‍ട്ട്

സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകസ്ഥാനം രാജിവെച്ചതായി റിപ്പോര്‍ട്ട്. ലാ ലീഗയിലെ തോല്‍വിയും ചാമ്പ്യന്‍സ് ലീഗിലെ തിരിച്ചടിക്കും പിന്നാലെയാണ് സിദാന്റെ രാജിയെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ 2022 വരെ സിദാന് റയല്‍ മാഡ്രിഡില്‍ കരാറുണ്ട്. 2017ല്‍ ടീം മാനേജരായിരുന്നു സിദാന്‍. സിദാന് പകരക്കാരനായി മുന്‍ യുവന്റസ് പരിശീലകന്‍ അല്ലെഗ്രിയെ കൊണ്ട് വരാനാണ് ക്ലബ്ബ് ശ്രമിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ചും വ്യക്തതകള്‍ വന്നിട്ടില്ല.

2016ലാണ് ആദ്യമായി സിദാന്‍ റയലിന്റെ പരിശീലകനാവുന്നത്. 2016-17 സീസണിലെ ലാലിഗ കിരീടം റയലിന് നേടിക്കൊടുത്ത സിദാന്‍ 2015-16, 2016-17, 2017-18 സീസണില്‍ റയലിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കി. ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന് സമ്മാനിച്ച സിദാന്‍ അപ്രതീക്ഷിതമായി ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞു.

പിന്നീട് 2019ലാണ് സിദാന്‍ റയലിന്റെ പരിശീലകസ്ഥാനത്ത് മടങ്ങിയെത്തുന്നത്. 2019-2020 സീസണില്‍ ബാഴ്സലോണയുടെ വെല്ലുവിളികളെ മറികടന്ന് ലാലിഗ കിരീടം നേടാന്‍ സിദാന് സാധിച്ചിരുന്നു.