ആ ഒറ്റയൊരുത്തൻ തട്ടിത്തെറിപ്പിച്ചത് ഇന്ത്യയുടെ 2023 ലോക കപ്പ് കളിക്കാനുള്ള അവസരം ; കണ്ണീരോടെ ദേശീയ ഫുട്‌ബോള്‍ ടീം...!!

ദരിദ്രമായ ചുറ്റുപാടില്‍ നിന്നും പൊരുതിക്കയറി വന്നവര്‍ അവരില്‍ അനേകര്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഈ അവസരത്തിന് വേണ്ടി അവര്‍ അശ്രാന്ത പരിശ്രമത്തിലും ആയിരുന്നു. എന്നാല്‍ ഒരൊറ്റക്കാരണം 12 മാസം നീണ്ട അവരുടെ പ്രയത്‌നങ്ങളെയെല്ലാം വിഫലമാക്കി. ഒരു പക്ഷേ ലോകകപ്പ് യോഗ്യത കിട്ടാന്‍ കാരണമായിരുന്നെങ്കില്‍ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ കാത്തിരുന്നത് വലിയ രീതിയിലുള്ള എക്‌സ്‌പോഷറും സമ്പത്തുമെല്ലാമാണ്.

കഴിഞ്ഞ ഒരു വര്‍ഷമായി അവരുടെ സ്വപ്‌നങ്ങളെല്ലാം എഎഫ്‌സി എഷ്യന്‍ കപ്പിനെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ടീമിലെ 12 പേര്‍ കോവിഡ് ബാധിതരാണെന്ന് തെളിഞ്ഞതോടെ ടൂര്‍ണമെന്റില്‍ നിന്നു തന്നെ ടീം പുറത്തായി. ടീമിലെ പ്രായം കുറഞ്ഞ താരവും നായികയുമായ ആശാലതാ ദേവിയും ഹേമം ഷില്‍ക്കിയും ഹൃദയഭേദകമെന്നായിരുന്നു ഇതിനെ വിശേഷിപ്പിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്താന്‍ കഴിയുമായിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്ത്യന്‍ ടീമിന് 2023 ലോകകപ്പിലേക്ക യോഗ്യത നേടാന്‍ കഴിഞ്ഞേക്കുമായിരുന്നു. ഇനി ലോകകപ്പ് കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും ഇന്റര്‍ കോണ്ടിനെന്റല്‍ പ്്‌ളേ ഓഫില്‍ കളിക്കാന്‍ യോഗ്യത കിട്ടിയാല്‍ പോലും അത് ഇന്ത്യന്‍ ഫുട്‌ബോളിലെ ചരിത്ര നേട്ടമായി മാറുമായിരുന്നു.

ഏഷ്യാകപ്പില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് കളിക്കാനായത്. ഇറാനെതിരേയുള്ള ആദ്യ മത്സരം  സമനിലയില്‍ ആയതിന് ശേഷം ചൈനീസ്  തായ്‌പേയിയ്ക്ക് എതിരേയുള്ള രണ്ടാം മത്സരത്തിന് തൊട്ടുമുമ്പ് ടീമിലെ 12 കളിക്കാര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ദരിദ്രമായ ചുറ്റുപാടില്‍ നിന്നും വരുന്ന അനേകം കളിക്കാരാണ് ടീമിലുള്ളത്. ഇവരില്‍ പലര്‍ക്കും ഏഷ്യാക്കപ്പിനെത്താനുള്ള പണം പോലുമില്ലായിരുന്നു. പലരുടെയും സഹായവും മറ്റും കിട്ടിയാണ് ഇത്രത്തോളം എത്തിയത്. ചിലരൊക്കെ സാമൂഹ്യ സാഹചര്യത്തെ മുന്‍നിര്‍ത്തി കുടുംബത്തിന്റെ എതിര്‍പ്പ്് വരെ മറികടന്നാണ് വന്നത്.

ഇറാനെതിരേ ആദ്യ മത്സരത്തില്‍ ഗോളടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അടുത്ത മത്സരത്തില്‍ ചൈനീസ് തായ്‌പേയിയെ ചിലപ്പോള്‍ ഇന്ത്യ മറികടന്നേക്കുമായിരുന്നു. ഇത് അവര്‍ക്ക് ക്വാര്‍ട്ടര്‍ഫൈനല്‍ ബര്‍ത്ത് കിട്ടാനും സഹായകരമാകുമായിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ ചൈനീസ് തായ്‌പേയിയുമായി നടന്ന സൗഹൃദ മത്സരത്തില്‍ ഇന്ത്യ 1-0 ന് അവരെ പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി വലിയ തയ്യാറെടുപ്പാണ് ഇന്ത്യന്‍ ടീം നടത്തിയിരുന്നത്. ബ്രസീല്‍, തുര്‍ക്കി, ഉസ്‌ബെക്കിസ്ഥാന്‍, യുഎഇ, ബെഹ്‌റിന്‍ ടീമുകള്‍ക്ക് എതിരേയെല്ലാം ഇന്ത്യ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിരുന്നു.