മെസിയില്ലാക്കാലത്ത് ബാഴ്‌സയുടെ കളി കാണാന്‍ ആളില്ല; നൗ കാംപ് നിറയുന്നത് ഇനിയെന്ന് ?

ടീമിന്റെ ആത്മാവെന്ന് വിശേഷിപ്പിക്കപ്പെട്ട അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പടിയിറക്കം സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയെ വേട്ടയാടാന്‍ തുടങ്ങുന്നു. മെസിയുടെ അഭാവത്തില്‍, ലാ ലിഗ സീസണിലെ ബാഴ്‌സയുടെ ആദ്യ ഹോം മത്സരം കാണാന്‍ ആളില്ലാതായി. മെസി ക്ലബ് വിട്ടത് ഉള്‍ക്കൊള്ളാന്‍ കാറ്റലന്‍ ടീമിന്റെ ആരാധകര്‍ക്ക് ഇനിയുമായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവ വികാസം.

ഞായറാഴ്ച റയല്‍ സോസിദാദുമായാണ് സീസണില്‍ ബാഴ്‌സയുടെ ആദ്യ ഹോം മാച്ച്. 99,000 കപ്പാസിറ്റിയുള്ള നൗ കാംപിലെ ഗാലറിയില്‍ കോവിഡ് നിയന്ത്രണംകാരണം 28,803 കാണികള്‍ക്ക് മാത്രമേ പ്രവേശനമുള്ളു. എന്നാല്‍ ടിക്കറ്റിനായി അപേക്ഷിച്ചത് വെറും 15,820 പേര്‍ മാത്രവും.

Read more

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഏഴിനാണ് ഇതിന് മുന്‍പ് നൗ കാംപിലെ കാണകള്‍ക്കു മുന്നില്‍ ബാഴ്‌സ കളിച്ചത്. അന്ന് മെസിയുടെ ഗോളില്‍ സോസിദാദിനെ ബാഴ്‌സ പരാജയപ്പെടുത്തുകയും ചെയ്തു. പതിനേഴ് മാസങ്ങള്‍ക്കുശേഷമാണ് ആരാധകര്‍ക്ക് നൗ കാംപിലെ ഗാലറിയില്‍ ഇരുന്ന് ബാഴ്‌സയുടെ മത്സരം കാണാന്‍ അവസരം ലഭിക്കുന്നത്. എന്നിട്ടും കാണികള്‍ ബാഴ്‌സയോട് മുഖംതിരിച്ചത് മെസിയുടെ അസാന്നിധ്യമാണെന്നതില്‍ സംശയമില്ല.