കേരള ബ്ലാസ്റ്റേഴ്‌സ് വിടുമോ?; തീരുമാനമറിയിച്ച് ഇവാന്‍ വുകോമാനോവിച്ച്

ഐഎസ്എല്‍ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി തുടരുമോ എന്ന കാര്യത്തില്‍ പ്രതികരണവുമായി ഇവാന്‍ വുകോമാനോവിച്ച്. തന്റെ ഭാവിയെ കുറിച്ച് മാനേജ്മെന്റുമായി ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച്ച സമയം കണ്ടെത്തുമെന്ന് അദ്ദേഹം അറിയിച്ചു.

‘സീസണ്‍ പൂര്‍ത്തിയായതിനാല്‍ ഇനി മാനേജ്മെന്റുമായി സംസാരിക്കും. ഫൈനലിലേക്കുള്ള വഴിയില്‍ മറ്റൊന്നിലേക്കും ശ്രദ്ധ മാറാതിരിക്കാനാണ് ഇതുവരെ അതിനെ കുറിച്ച് സംസാരിക്കാതിരുന്നത്. അടുത്ത സീസണില്‍ കാണാനാകുമെന്നാണ് പ്രതീക്ഷ’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ ഐഎസ്എല്ലിന്റെ ഫൈനലിലെത്തിച്ച പരിശീലകനാണ് സെര്‍ബിയക്കാരനായ വുകോമാനോവിച്ച്. കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തിന് ശേഷം കിബു വികുനയ്ക്ക് പകരക്കാരനായാണ് വുക്കോമാനോവിച്ച് ബ്ലാസ്റ്റേഴ്സിലെത്തിയത്.

ഫൈനലില്‍ തോറ്റെങ്കിലും ഈ സീസണില്‍ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് വുക്കോമാനോവിച്ചിന്റെ പരിശീലനത്തിന് കീഴില്‍ പുറത്തെടുത്തത്. കളിച്ച 20 മത്സരങ്ങളില്‍ ഒമ്പത് വിജയവും ഏഴു സമനിലയും സ്വന്തമാക്കി. നാലു മത്സരങ്ങളില്‍ മാത്രമാണ് തോറ്റത്.