ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ആ സൂപ്പര്‍ താരം കളിക്കും

ഐഎസ്എല്‍ നാലാം സീസണില്‍ മുംബൈയെ നേരിടാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിന് ആശ്വാസ വാര്‍ത്ത. സൂപ്പര്‍ താരം വെസ് ബ്രൗണ്‍ മുംബൈ സിറ്റിയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ബൂട്ടുകെട്ടിയേക്കും. പരിക്ക് ഭേദമായി പൂര്‍ണ്ണ ആരോഗ്യവാനാണ് എന്ന് ബ്രൗണ്‍ മാധ്യമങ്ങളെ അറിയിച്ചു.

ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേഷ് ജിങ്കന്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വെസ് ബ്രൗണും സന്നിഹിതനായിരുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ പ്രതിരോധ നിരയില്‍ തിളങ്ങിയ താരമാണ് വെസ് ബ്രൗണ്‍. അതിനാല്‍ തന്നെ ബ്രൗണിന്റെ ബ്‌ളാസ്റ്റേഴ്സിലേക്കുള്ള വരവിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കികണ്ടത്. എന്നാല്‍ പരിക്ക് മൂലം ആദ്യ രണ്ട് മത്സരങ്ങളിലും ഗ്രൗണ്ടിലിറങ്ങാന്‍ താരത്തിനായിരുന്നില്ല.

എന്നാല്‍ പരിക്ക് മാറി കളത്തിലിറങ്ങാന്‍ തയ്യാറടുക്കുന്ന ബ്രൗണിന്റെ പൊസിഷന്‍ സംബന്ധിച്ച് ആശയക്കുഴപ്പങ്ങളുണ്ട്. ബ്രൗണിന്റെ അഭാവത്തില്‍ കളത്തിലിറങ്ങിയ നെമാഞ്ച ലാകിച്ച് പെസിച്ച് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് കളികളില്‍ നിന്നുതന്നെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ നട്ടെല്ലാവാന്‍ പെസിച്ചിന് കഴിഞ്ഞു.

സന്ദേശ് ജിങ്കനും നെമാഞ്ച പെസിച്ചുമടങ്ങിയ പ്രതിരോധനിര കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച ഒത്തിണക്കം കാഴ്ച വച്ചുവെന്ന് വെസ് ബ്രൗണ്‍ തന്നെ സാക്ഷ്യപ്പെടുത്തന്നു. അതിനാല്‍ തന്നെ ബ്രൗണ്‍ തിരിച്ചെത്തിയാലും പെസിച്ചിനെ ഒഴിവാക്കാനാവില്ല.

അതിനാല്‍ ബ്രൗണിനെ മധ്യനിരയില്‍ കളിപ്പിക്കുന്ന കാര്യം കോച്ച് റെനേ മ്യൂലസ്റ്റീന്‍ ആലോചിച്ചേക്കും എന്നാണ് സൂചന. പ്രതിരോധനിരക്കൊപ്പം മുന്നേറ്റനിരക്കും മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വയ്ക്കാനായാല്‍ ബ്‌ളാസ്റ്റേഴ്‌സിന് മുംബൈക്കെതിരെ ജയിച്ചുകയറാനാവും.