ബാഴ്‌സയുടെ പ്രതിരോധം നാണിപ്പിക്കുന്നു, മാപ്പു ചോദിച്ച് സുവാരസ്

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ രണ്ടാംപാദ സെമിയില്‍ ലിവിര്‍പൂളിനോട് തോറ്റ് പുറത്തായതിന് പിന്നാലെ തോല്‍വിയില്‍ ബാഴ്‌സ സൂപ്പര്‍താരം ലൂയി സുവാരസ് ആരാധകരോട് മാപ്പു പറഞ്ഞു. ഒരു മിനിട്ടിനിടെ രണ്ടു ഗോള്‍ വഴങ്ങിയത് അംഗീകരിക്കാനാവില്ലെന്നും ലിവര്‍പൂള്‍ അവസാന ഗോള്‍ നേടുമ്പോള്‍ കുട്ടികളെ പോലും നാണിപ്പിക്കുന്ന രീതിയിലായിരുന്നു ബാഴ്‌സയുടെ പ്രതിരോധമെന്നും സുവാരസ് പറഞ്ഞു.

ബാഴ്‌സലോണ ജേഴ്‌സിയില്‍ അഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നനേട്ടത്തിനായി ഇറങ്ങിയ മെസ്സിയും സംഘവും ലിവര്‍പൂളിനോട് ഞെട്ടിക്കുന്ന തോല്‍വിയാണ് വഴങ്ങിയത്. ആദ്യപാദത്തില്‍ 3-0ന്റെ ലീഡുണ്ടായിട്ടും രണ്ടാംപാദത്തില്‍ ലിവര്‍പൂളിന്റെ ഹോം മൈതാനമായ ആന്‍ഫീല്‍ഡില്‍ 4-0നാണ് ബാഴ്‌സ തോല്‍വി വഴങ്ങിയത്.

അതെസമയം മത്സരശേഷം ഡ്രസ്സിംഗ് റൂമിലെത്തിയ മെസ്സി പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സഹതാരങ്ങള്‍ മെസ്സിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും താരത്തിന്റെ കണ്ണീരടക്കാനായില്ലെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ വിമാനത്തവാളത്തില്‍ വെച്ച് രോഷാകുലരായ ബാഴ്‌സ ആരാധകരോട് മെസ്സി ദേഷ്യപ്പെട്ടതായും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മത്സരശേഷം ബാഴ്‌സ താരങ്ങളെല്ലാം ടീം ബസില്‍ വിമാനത്താവളത്തിലേക്ക് പോയപ്പോഴും പതിവ് ഉത്തേജക മരുന്ന് പരിശോധനകള്‍ക്കായി മെസ്സിക്ക് ആന്‍ഫീല്‍ഡില്‍ കാത്തുനില്‍ക്കേണ്ടി വന്നു. മെസ്സിയെ പിന്നീട് പ്രത്യേക വാഹനത്തില്‍ വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു.