റാഫിയെ അപമാനിച്ചു, ബ്ലാസ്റ്റേഴ്‌സ് പിരിച്ചു വിടണമെന്ന് ഐ.എം വിജയന്‍

ഐഎസ്എല്ലില്‍ ദയനീയ പ്രകടനം കാഴ്ച്ചവെയ്ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ പിരിച്ചു വിടുന്നതാണ് നല്ലതെന്നും ഒട്ടും ആത്മാര്‍ത്ഥത ഇല്ലാത്ത ഈ ടീമിനെ മാറ്റി പുതിയ ടീമിനെ കൊണ്ടു വരണമെന്നും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐഎം വിജയന്‍. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മോശം മത്സരങ്ങളിലൊന്നാണ് ഒഡീഷ-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരമെന്നും വിജയന്‍ തുറന്നടിച്ചു.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിജയന്‍ കേരള ബാസ്റ്റേഴ്‌സിനെതിരെ തുറന്നടിച്ചത്. അതെസമയം ബ്ലാസ്റ്റേഴ്‌സിനെതിരെ മറ്റൊരു ഗുരുതര ആരോപണവും വിജയന്‍ നടത്തുന്നുണ്ട്. റാഫിയെ മത്സരത്തിനിടെ പിന്‍വലിച്ചത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് വിജയന്‍ ആരോപിക്കുന്നത്.

“സ്വന്തം മൈതാനത്തിലെ മൂന്ന് പോയിന്റ് നിര്‍ണായകമാണ്. അവര്‍ സമനിലക്ക് വേണ്ടി കളിച്ചു. നമ്മള്‍ വിജയിക്കാന്‍ ശ്രമിക്കണമായിരുന്നു. കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വിരസമായ കളികളില്‍ ഒന്നാണിത്” വിജയന്‍ പറഞ്ഞു.

റാഫിയെ കളിക്കിടെയില്‍ പിന്‍വലിച്ചത് അദ്ദേഹത്തോടുള്ള അവഹേളനമാണ്, ആദ്യ പകുതിയില്‍ ഇറക്കി രണ്ടാം പകുതിയില്‍ വലിച്ചത് മോശമാണ്. ആദ്യമേ ഓഗ്ബച്ചെയെ ഇറക്കുന്നതായിരുന്നു ഇതിനെക്കാള്‍ നല്ലത്. കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം ഇതിലും നന്നായി കളിക്കും” വിജയന്‍ പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് ഒഡീഷ മത്സരം ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്. ഇതോടെ നാല് പോയന്റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോള്‍.