ചാമ്പ്യന്‍സ് ലീഗ്; ഫൈനലില്‍ ജര്‍മ്മന്‍- ഫ്രഞ്ച് പോര്

ചാമ്പ്യന്‍സ് ലീഗില്‍ ഫുട്ബോള്‍ പ്രേമികളെ കാത്തിരിക്കുന്നത് ജര്‍മ്മന്‍- ഫ്രഞ്ച് ഫൈനല്‍ പോര്. തിങ്കളാഴ്ച നടക്കുന്ന കലാശ പോരാട്ടത്തില്‍ ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയെ നേരിടും. ഇന്ന് നടന്ന മത്സരത്തില്‍ ഫ്രഞ്ച് ടീമായ ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ബയേണിന്റെ ഫൈനല്‍ പ്രവേശം.

ഇരട്ട ഗോളിലൂടെ നെബ്റിയാണ് ബയേണിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 18ാം മിനിറ്റില്‍ അഞ്ച് പ്രതിരോധക്കാരെ വെട്ടിച്ച നെബ്റി ഗോള്‍ വല കുലുക്കി. 33ാം മിനിറ്റില്‍ ബയേണിന്റെ ലീഡ് ഉയര്‍ത്തി വീണ്ടും നെബ്റി എത്തി. ലെവന്‍ഡോവ്സ്‌കി അവസരം പാഴാക്കിയപ്പോള്‍ നെബ്റി വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ ഗോള്‍ വലയിലേക്ക് പന്ത് തിരിച്ചുവിട്ടു. 88ാം മിനിറ്റില്‍ ഹെഡറിലൂടെ ലെവന്ഡോവ്സ്‌കി ബയേണിന്റെ മൂന്നാം ഗോള്‍ കീശയിലാക്കി.

Image

സിറ്റിയെ കെട്ടുകെട്ടിച്ചത് ആവര്‍ത്തിക്കാന്‍ പ്രതിരോധ കോട്ട കെട്ടി എത്തിയ ലിയോണിന് ബയേണിന്റെ വേഗത്തിനും കരുത്തിനും പിന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ഗോള്‍ വല കുലുക്കാനുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അത് മുതലാക്കാന്‍ ലിയോണിന് സാധിച്ചില്ല.

Image
ആദ്യസെമിയില്‍ ലെയ്പ്ഷിഗിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് പി.എസ്.ജിയുടെ ഫൈനല്‍ പ്രവേശം. ആദ്യമായാണ് പി.എസ.ജി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലേക്കു യോഗ്യത നേടുന്നത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച പുലര്‍ച്ചെ 12.30-നാണ് ഫൈനല്‍.