ചാമ്പ്യന്‍സ് ലീഗ്; ബയേണ്‍ മ്യൂണിക്-പി.എസ്.ജി ഫൈനലിന് മണിക്കൂറുകള്‍ മാത്രം

ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ബയേണ്‍ മ്യൂണിക്-പി.എസ്.ജി ഫൈനല്‍ പോരിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം നടക്കുക. അഞ്ചു തവണ ജേതാക്കളായിട്ടുള്ള ബയേണ്‍ ആറാം കിരീടം ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. എന്നാല്‍ കന്നിക്കിരീടത്തില്‍ മുത്തമിടാനുള്ള ഒരുക്കത്തിലാണ് പി.എസ്.ജി.

ഇരുടീമുകളും ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ചത്. സെമിയില്‍ ഫ്രഞ്ച് ടീമായ ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ബയേണിന്റെ ഫൈനല്‍ പ്രവേശം. ലെയ്പ്ഷിഗിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് പി.എസ്.ജിയുടെ ഫൈനല്‍ പ്രവേശം. ആദ്യമായാണ് പി.എസ.ജി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തുന്നത്.

Image

നെയ്മര്‍, ഡി മരിയ, കീലിയന്‍ എംബാപ്പെ എന്നീ ലോകാത്തര താരങ്ങളാണ് പിഎസ്ജിയുടെ കരുത്ത്. ലെവന്‍ഡോസ്‌കിക്കു പുറമെ തോമസ് മുള്ളര്‍, സെര്‍ജി നാബ്രി എന്നിവരടങ്ങിയതാണ് ബയേണിന്റെ മുന്നേറ്റനിര. ഫൈനല്‍ ജയിച്ച് കിരീടം നേടിയാല്‍ ഒരോ പി.എസ്.ജി താരത്തിനും 5 ലക്ഷം യൂറോ ആണ് ക്ലബ് ഉടമയായ നാസര്‍ അല്‍ ഖലെഫി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏകദേശം നാലര കോടി രൂപയോളും വരും ഈ തുക.

Read more

Image
ഈ സീസണില്‍ ഇതിനകം രണ്ടു കിരീടം സ്വന്തമാക്കിയ പി.എസ്.ജി ചാമ്പ്യന്‍സ് ലീഗും കൂടി നേടി മൂന്നാം കിരീടം തികച്ച് ക്ലബ്ബ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സീസണാക്കി മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണ്. ഫ്രഞ്ച് ലീഗ് കൂടാതെ ഫ്രഞ്ച് കപ്പും നേരത്തേ പി.എസ്.ജി സ്വന്തമാക്കിയിരുന്നു. ചാമ്പ്യന്‍സ് ലീഗ് സീസണിലെ ഏറ്റവും കടുപ്പമേറിയ മത്സരത്തിനാകും ഫുട്‌ബോള്‍ പ്രേമികള്‍ സാക്ഷ്യം വഹിക്കാന്‍ പോവുക. രണ്ടു ടീമുകളും മികച്ച ഫോമിലായതിനാല്‍ നല്ലൊരു ഫൈനല്‍തന്നെ പ്രതീക്ഷിക്കാം.