'ഇത് ആരാധകരുടെ നേട്ടമാണ്'; ബ്ലാസ്‌റ്റേഴ്‌സിന്റെ ഫൈനല്‍ പ്രവേശത്തില്‍ വുകമാനോവിച്ച്

നീണ്ട ആറു വര്‍ഷത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് കേരളാ ബ്ലാസ്റ്റേഴ്സ ഐഎസ്എല്‍ എട്ടാം സീസണ്‍ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പ്രതീക്ഷകള്‍ പൂവണിഞ്ഞ രാത്രിയില്‍ ഇവാന്റെ ചുണക്കുട്ടികള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രണ്ടാം പാദ സെമി ഫൈനലില്‍ ജംഷഡ്പുരിനെ 1-1ന് തകര്‍ത്ത് ഇരു പാദങ്ങളിലുമായി 2-1ന്റെ ലീഡിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് നടന്നുകയറിയത്. ഈ ഫൈനല്‍ പ്രവേശം ആരാധകരുടെ നേട്ടമാണെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകമാനോവിച്ച് പറഞ്ഞു.

‘ആദ്യമായി ഇന്നീ സ്ഥാനത്തായിരിക്കുന്നത് ക്ലബ്ബിന്റെ നേട്ടമാണ്, രണ്ടാമതായി വളരെക്കാലമായി കാത്തിരിക്കുന്ന ആരാധകരുടെ നേട്ടമാണ്. കഴിഞ്ഞ സീസണുകളില്‍ നേരിടേണ്ടിവന്ന നിരാശയുടെ, മോശം പ്രകടനത്തിന്റെ! ഇന്ന് ഞങ്ങള്‍ മഹത്തായത് നേടിയിരിക്കുന്നു. നമ്മളെല്ലാവരും സന്തോഷിക്കണം. കേരളത്തില്‍ നിന്നുള്ള, മഞ്ഞപ്പടയില്‍ നിന്നുള്ള എല്ലാവരും. ഇന്ന് രാത്രിയില്‍ എന്റെ കുട്ടികളെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. സീസണിലുടനീളം അവര്‍ മികച്ചതായി പോരാടി.’

‘കഴിഞ്ഞ ഓഗസ്റ്റില്‍ ഞങ്ങള്‍ ആരംഭിച്ചപ്പോള്‍ റാങ്കിങ് ടേബിളില്‍ ഏറ്റവും മുകളിലെത്താനുള്ള പോട്ടെന്‍ഷ്യല്‍ ടീമിനുണ്ടെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. ഇന്ന് ലീഗിലെ ഏറ്റവും മികച്ച ടീമിനെയാണ് നേരിടേണ്ടതെന്നു ഞങ്ങള്‍ക്കറിയാമായിരുന്നു. ഇന്നത്തെ മത്സരം ശാരീരീകമായിരിക്കുമെന്നു ഞങ്ങള്‍ക്കറിയാമായിരുന്നു. ഇന്നത്തേത് കഠിനമായ പോരാട്ടമാകുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഫൈനലിലേക്ക് പ്രവേശിക്കാന്‍ ഇവയെല്ലാം മറികടക്കണമെന്നു ഞങ്ങള്‍ക്കറിയാമായിരുന്നു.’

‘ഇത് ഞങ്ങള്‍ക്ക് നല്‍കുന്നത് അഭിമാനമാണ്. വരും ദിവസങ്ങള്‍ ആസ്വദിക്കുകയും ആഘോഷിക്കുകയും വേണമെന്നു ഞങ്ങള്‍ക്കറിയാം. ഫൈനല്‍ ഞങ്ങള്‍ ആസ്വദിക്കണം. കാരണം കേരളത്തില്‍ നിന്നുള്ള ഓരോ ആരാധകരും ഞങ്ങളെ പിന്തുടരുന്ന ഓരോരുത്തരും അതര്‍ഹിക്കുന്നു. അവര്‍ ഫൈനല്‍ വന്നു കാണാന്‍ അര്‍ഹരാണ്. തുടക്കം മുതല്‍ ഒട്ടും എളുപ്പമുള്ള ജോലിയല്ല എന്റെ കുട്ടികള്‍ ചെയ്തിരുന്നത്. ഇന്നത്തെ നേട്ടത്തില്‍ ഞങ്ങളെല്ലാം അഭിമാനിക്കുന്നു. ഇന്ന് ഞങ്ങള്‍ അഭിമാനത്തോടെയുറങ്ങും. വരും ദിനങ്ങളില്‍ ഫൈനലില്‍ നേടാനായി ഞങ്ങളാല്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യാനായി ഞങ്ങള്‍ ശ്രമിക്കും’ അദ്ദേഹം പറഞ്ഞു.