മോളെ ഈ ഗോള്‍ നിനക്കുള്ളതാണ്..; മകളെ ഓര്‍ത്ത് ഗ്രൗണ്ടില്‍ തേങ്ങി ലൂണ; നെഞ്ചുലഞ്ഞ് കാണികള്‍

ഐഎസ്എല്‍ ഒന്‍പതാം സീസണ്‍ ആദ്യ മത്സരം വിജയത്തോടെ ആരംഭിച്ചിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ ആരാധകരെ സാക്ഷിയാക്കി തീപാറുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം.

72ാം മിനിറ്റില്‍ ഹര്‍മന്‍ ജ്യോത് ഖാബ്ര നീട്ടി നല്‍കിയ ലോങ് ബോള്‍ സാങ്കേതികത്തികവോടെ ഈസ്റ്റ് ബംഗാളിന്റെ വലയിലെത്തിച്ച് ഡ്രിയാന്‍ ലൂണയാണ് സീസണിലെ ആദ്യ ഗോള്‍ നേടിയത്. പിന്നാലെ താരം മകളുടെ ഓര്‍മയില്‍ കണ്ണീരണിഞ്ഞു.

തന്റെ കയ്യിലെ മകളുടെ പച്ചകുത്തിയ രൂപത്തെ തൊട്ട് ആകാശത്തേയ്ക്ക് നോക്കിയാണ് ലൂണ കണ്ണീരണിഞ്ഞത്. സഹതാരങ്ങള്‍ സ്‌നേഹം കൊണ്ടു പൊതിയുമ്പോഴും ഗ്രൗണ്ടില്‍ മുഖം അമര്‍ത്തി കരയുകയായിരുന്നു യൂറഗ്വായ് താരം.

മാസങ്ങള്‍ക്കു മുന്‍പാണു ലൂണയുടെ മകള്‍ ജൂലിയേറ്റ രോഗം ബാധിച്ചു മരിച്ചത്. സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗം ബാധിച്ചാണ് കുഞ്ഞ് മരിച്ചത്. ശ്വാസകോശത്തേയും മറ്റ് ആന്തരിക അവയങ്ങളേയും ബാധിക്കുന്ന ജനിതക രോഗമാണ് ഇത്.