'കാര്യങ്ങള്‍ എന്റെ കൈയിലല്ല, അവര്‍ വലിയ പണം ചോദിക്കും'; മഞ്ഞപ്പടയുടെ നെഞ്ചിടിപ്പേറ്റി ഇവാന്‍ കലിയുഷ്‌നി

ഉക്രൈന്‍ ക്ലബ്ബിന്റെ തീരുമാനം അനുസരിച്ചാകും ബ്ലാസ്റ്റേഴ്സിലെ തന്റെ ഭാവിയെന്ന് കേരള ബ്ലാസ്റ്റേഴ്‌സിലെ മധ്യനിര താരം ഇവാന്‍ കലിയുഷ്‌നി. കേരള ബ്ലാസ്റ്റേഴ്സില്‍ സന്തോഷവാനാണെന്നും ക്ലബ്ബില്‍ തുടരാന്‍ ആഗ്രഹിക്കുന്നതായും എന്നാല്‍ താനൊരു ഫ്രീ ഏജന്റ് അല്ലാത്തതു കൊണ്ട് അത് ബുദ്ധിമുട്ടാണെന്നും ഇവാന്‍ കലിയുഷ്‌നി പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍ ഞാന്‍ സന്തോഷവാനാണ്. ഇവിടെ തുടരാന്‍ ആഗ്രഹിക്കുന്നു. ഞാനൊരു ഫ്രീ ഏജന്റ് അല്ലാത്തതു കൊണ്ട് അത് ബുദ്ധിമുട്ടാണ്. ഫ്രീ പ്ലേയര്‍ ആയിരുന്നെങ്കില്‍ അത് എളുപ്പമായേനെ. എന്റെ ക്ലബ് റിലീസിനായി വലിയ പണം ചോദിക്കും- ഇവാന്‍ കലിയുഷ്‌നി പറഞ്ഞു.

ഉക്രൈനിലെ റഷ്യന്‍ അധിനിവേഷത്തെ കുറിച്ചും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ‘യുദ്ധം ആരംഭിച്ച വേളയില്‍ പോളണ്ടിലേക്ക് പോകാനായിരുന്നു ഞാന്‍ പദ്ധതിയിട്ടത്. എന്നാല്‍ രക്ഷിതാക്കള്‍ക്ക് അങ്ങനെയൊരു കരാറില്‍ ഏര്‍പ്പെടാനായില്ല. അപ്പോഴാണ് ഇന്ത്യയില്‍ നിന്ന് ഒരു ഓഫറുണ്ടെന്ന് എന്റെ ഏജന്റ് പറഞ്ഞത്.’

Read more

‘ഇങ്ങോട്ടു വരുന്നതിന് മുമ്പ് മൂന്നു മാസം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. കുടുംബത്തെ സുരക്ഷിത സ്ഥലത്തെത്തിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. ഉക്രൈനില്‍ വലിയ ബുദ്ധിമുട്ടായിരുന്നു’ ഇവാന്‍ കലിയുഷ്‌നി പറഞ്ഞു.