ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ കരുത്തരായ ടീമുകള്‍ വേറെയുണ്ട്; സീസണ്‍ സാദ്ധ്യതകളെ കുറിച്ച് വുകോമനോവിച്ച്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഐ എസ് എല്‍ സീസണായിരുന്നു 2021-22 ലേത്. ഇവാന്‍ വുകോമനോവിച്ച് എന്ന സെര്‍ബിയന്‍ പരിശീലകന് കീഴില്‍ സ്വപ്ന കുതിപ്പ് നടത്തിയ ടീം, ലീഗ് ഘട്ടത്തില്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തുകയും പിന്നീട് ഫൈനല്‍ വരെ എത്തുകയും ചെയ്ത ടീമാണ് ബ്ലാസ്റ്റേഴ്സ്. ഫൈനലില്‍ കാലിടറിയെങ്കിലും ആരാധകര്‍ ആഗ്രഹിക്കുന്ന പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് സീസണില്‍ ഉണ്ടായത്. ലീഗിന്റെ ഒന്‍പതാം സീസണിലെ ഉദ്ഘാടന മത്സരത്തിന് ഇന്ന് ഇറങ്ങുമ്പോള്‍ ടീമിന്റെ ഇത്തവണത്തെ സാദ്ധ്യതകളെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് വുകോമനോവിച്ച്.

‘ഒരുടീമിന് സ്ഥിരത ആവശ്യമാണ്. നിലവില്‍ കേരള ബ്ലാസ്റ്റേഴ്സ് സ്ഥിരത നിലനിര്‍ത്തിവരുകയാണ്. പരിശീലകസംഘവും വൈദ്യസംഘവും ഒരുമിച്ച് ലക്ഷ്യത്തിലേക്കായി ശുഭാപ്തിവിശ്വാസത്തോടെ നീങ്ങുകയാണ്. അതുകൊണ്ടുതന്നെ സമ്മര്‍ദ്ദങ്ങളില്ല. എടികെ മോഹന്‍ ബഗാന്‍, മുംബൈ സിറ്റി എഫ് സി, ബംഗളൂരു എഫ്‌സി തുടങ്ങിയ ടീമുകളാണ് സീസണിലെ കരുത്തരെന്നാണ് നലവില്‍ തോന്നുന്നത്.’

‘കഴിഞ്ഞ സീസണില്‍ പല അപ്രതീക്ഷിത ഫലങ്ങളും കണ്ടതാണ്. അതുപോലെ ആയിരിക്കും ഇത്തവണത്തേതും. നമ്മള്‍ക്ക് നമ്മള്‍ ആരാണെന്ന് അറിയാം. അതുകൊണ്ട് നമ്മുടെ കരുത്തില്‍ വിശ്വസിച്ച് കളിക്കുക എന്നതാണ് ആവശ്യം. കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിക്ക് കഴിഞ്ഞ സീസണിന് മുമ്പുള്ള സീസണുകളില്‍ മികവ് പുലര്‍ത്താനായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ സീസണില്‍ ഫൈനലില്‍ എത്താനായി. സമാനമായി ഈ സീസണില്‍ ഈസ്റ്റ് ബംഗാളും മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധ്യത ഉണ്ട്. പ്രത്യേകിച്ച് പുതിയ കളിക്കാരും പുതിയ പരിശീലകരും ടീമിന്റെ ഭാഗമായ സാഹചര്യത്തില്‍.’

‘മുമ്പ് പറഞ്ഞതുപോലെ ഈ സീസണിലും ആര്‍ക്കും ആരെയും തോല്‍പ്പിക്കാന്‍ സാധിക്കും. കഴിഞ്ഞ സീസണിനേക്കാള്‍ വ്യത്യസ്തമായിരിക്കും ഇത്തവണത്തേത്. സ്റ്റേഡിയത്തിലേക്ക്, പ്രത്യേകിച്ചും കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുന്നു എന്നതാണ് ഏറ്റവും സന്തോഷകരം. ഇതുവരെയുള്ള ടീമിന്റെ പ്രീ സീസണ്‍ ഒരുക്കങ്ങളില്‍ ഞാന്‍ സന്തുഷ്ടനാണ്. കഴിഞ്ഞ സീസണില്‍ ടീമിന് മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിച്ചു. ഇത്തവണയും കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ ടീം ഒന്നടങ്കം പരിശ്രമിക്കും’ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.