‘അടുത്ത മത്സരത്തില്‍ സ്റ്റേഡിയം നിറയണം’, ആരാധകരോട് അഭ്യര്‍ത്ഥനയുമായി ഇന്ത്യന്‍ കോച്ച്

ലോക കപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുമ്പോള്‍ സ്‌റ്റേഡിയം നിറയണമെന്ന് ഇന്ത്യന്‍ പരിശീലകന്‍ സ്റ്റിമാച്ച്. ഖത്തറിനെ സമനിലയില്‍ തളച്ചത് കാണികള്‍ക്കുളള ക്ഷണമായി കരുതണമെന്നും കോച്ച് പറഞ്ഞു.

ലോക കപ്പ് യോഗ്യത റൗണ്ടിലെ ഇന്ത്യയുടെ അടുത്ത മത്സരം ബംഗ്ലാദേശിനെതിരെയാണ്. കൊല്‍ക്കത്തയിലാണ് അടുത്ത മാസം മത്സരം നടക്കുന്നത്. മത്സരത്തില്‍ കുറഞ്ഞത് 80000 കാണികളെങ്കിലും ഉണ്ടാകണമെന്നും കോച്ച് അഭ്യര്‍ത്ഥിച്ചു.

ഖത്തറിനെതിരെ ഉള്ള ഫലം അഭിമാനകരമാണ്. തന്റെ ടീമിനെ ഓര്‍ത്തും ഒരു കോച്ചെന്ന നിലയിലും താന്‍ അഭിമാനിക്കുന്നു. പരിചയസമ്പത്ത് കൂടുന്നതോടെ ഇത്തരം മത്സരങ്ങള്‍ വിജയിക്കാനും ഇന്ത്യക്ക് ആകുമെന്ന് സ്റ്റിമാച് കൂട്ടിചേര്‍ത്തു.

നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ആറ് പോയന്റുമായി ഖത്തറാണ് ഒന്നാമത്. ഒമാനും ബംഗ്ലാദേശിനും മൂന്ന് പോയിന്റ് വീതമുണ്ട്. അഫ്ഗാനാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റൊരു എതിരാളി.