ആരാധക പോരില്‍ ബ്ലാസ്റ്റേഴ്‌സ് നായകന്റെ ഇടപെടല്‍

ഞായറാഴ്ച്ച മുംബൈയ്ക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ക്യാപ്റ്റന്‍ സന്ദേഷ് ജിങ്കന്‍. പ്രതിരോധത്തില്‍ വെസ് ബ്രൗണ്‍ പരിക്കുമാറി തിരികെയെത്തും. എന്നാല്‍ മറ്റു മാറ്റങ്ങളെക്കുറിച്ച് മനസു തുറക്കാന്‍ ജിങ്കന്‍ തയാറായില്ല.

മത്സരത്തിനു മുന്നോടിയായി കൊച്ചിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് സന്ദേഷ് ജിങ്കന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സ്‌റ്റേഡിയങ്ങളില്‍ എവേ സ്റ്റാന്‍ഡുകള്‍ അനുവദിക്കുന്നതിനേയും ജിങ്കന്‍ പിന്തുണച്ചു. മഹാരാഷ്ട്ര ഡെര്‍ബിയില്‍ മുംബൈ ആരാധകരെ പൂണെ ആരാധകര്‍ കൈയ്യേറ്റം ചെയ്തതിനെ അപലപിക്കുന്നതായും ബ്ലാസ്റ്റേഴ്‌സ് നായകന്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഒത്തിണക്കത്തിനു സഹായിച്ചിട്ടുണ്ടെന്നും ഈ ആത്മ വിശ്വാസത്തോടെയാണ് മുംബെ എഫ്.സി യുമായി ഞായറാഴ്ച്ച ഏറ്റുമുട്ടുന്നതെന്നും ജിങ്കന്‍ പറഞ്ഞു.

കഴിഞ്ഞ മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചതില്‍ നിരാശയില്ല. കളിക്കാരുടെ പ്രകടനം ആദ്യ മത്സരത്തിനെ അപേക്ഷിച്ച് നിലവാരം പുലര്‍ത്തി. ഗോള്‍ വലയ്ക്കു കീഴില്‍ ഗോള്‍കീപ്പര്‍ പോള്‍ റാച്ചുബ്കയുടെ പ്രകടനം ഏറ്റവും മികച്ചതായി. ലോകോത്തര താരം ബെര്‍ബറ്റോവ് നല്‍കുന്ന എണ്ണമറ്റ പാസുകള്‍ മുതലാക്കാന്‍ കളിക്കാര്‍ക്കു കഴിയണമെന്നും ക്യാപ്റ്റന്‍ പറഞ്ഞു.

ഗോള്‍ വഴങ്ങാതിരിക്കുക മാത്രമല്ല ജയിക്കുക തന്നെയാണ് ലക്ഷ്യമെന്ന് ജിങ്കനൊപ്പം വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത വെസ് ബ്രൗണ്‍ പറഞ്ഞു. ടൂര്‍ണമെന്റ് വിജയമാണ് എല്ലാ മലയാളിയെയും പോലെ ഓരോ കളിക്കാരന്റെയും ലക്ഷ്യമെന്നും വെസ് ബ്രൗണ്‍ കൂട്ടിച്ചേര്‍ത്തു.