എന്തുകൊണ്ട് ബ്ലാസ്‌റ്റേഴ്‌സ് വിട്ടു? വിശദീകരണവുമായി സിഫ്‌നിയോസ്

ഐഎസ്എല്ലില്‍ ആരാധകര്‍ക്കിടയില്‍ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നല്ലോ ഡച്ച് യുവതാരം മാര്‍ക്ക് സിഫ്‌നിയോസിന്റെ കൂടുമാറ്റം. കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ട സിഫ്‌നിയോസ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഗോവന്‍ ക്യാമ്പിലെത്തിയാണ് ഫുട്‌ബോള്‍ ലോകത്തെ അപ്പാടെ ഞെട്ടിച്ചത്.

ഒടുവില്‍ താന്‍ എഫ്‌സി ഗോവയിലെങ്ങനെയെത്തി എന്നതിന് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിഫ്‌നിയോസ് ഇക്കാര്യം വ്യക്തമാക്കിയത്.

ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും എഫ്‌സി ഗോവയിലെത്തിയത് കരുതികൂട്ടി ചെയ്ത കാര്യമല്ലെന്ന് സിഫ്‌നിയോസ് പറയുന്നു. ബ്ലാസ്റ്റേഴ്‌സ് വിടുന്ന സമയത്ത് ഒരു യൂറോപ്യന്‍ ക്ലബില്‍ നിന്നുള്ള ഓഫര്‍ എന്റെ മുന്നില്‍ ഉണ്ടായിരുന്നു. അവിടേക്കു ചേക്കേറാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അവിടെ അവസരങ്ങള്‍ കുറവേ കിട്ടുമായിരുന്നുള്ളു. അതിനിടയിലാണ് എഫ്‌സി ഗോവയില്‍ ചേരാനുള്ള ഓഫര്‍ ലഭിക്കുന്നത്. ആദ്യ ഇലവനില്‍ തന്നെ ഗോവന്‍ കോച്ച് സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സില്‍ ഇഞ്ചുറി മൂലമല്ല പുറത്തിരുന്നത് എന്ന് പറഞ്ഞ സിഫ്നിയോസ് കോച്ചിങ് സ്റ്റാഫിലെ മാറ്റങ്ങളാണ് ടീം മാറിയതിനു പിന്നിലെന്നും പറഞ്ഞു. ഇത്തരം ഒരു സന്ദര്‍ഭത്തിലാണ് ഗോവന്‍ ടീമിലേക്ക് ക്ഷണം കിട്ടിയത്.

പരിശീലകന്‍ ഡേവിഡ് ജയിംസിനെതിരേയും സിഫ്‌നിയോസ് ആരോപണം ഉന്നയിച്ചു. ജയിംസ് പരിശീലകനായതിന് ശേഷം തന്നോടുളള സമീപനത്തില്‍ മാറ്റമുണ്ടായതായും ഇതാണ് ബ്ലാസ്റ്റേഴ്‌സ് ഉപേക്ഷിക്കാന്‍ കാരണമെന്നും സിഫ്‌നിയോസ് പറയുന്നു.

കൂടുതല്‍ അവസരങ്ങള്‍ കിട്ടുന്ന ക്ലബിലേക്ക് ചേക്കേറുകയെന്ന ഒരു പ്രൊഫഷണല്‍ ഫുട്‌ബോളര്‍ ചെയ്യുന്ന കാര്യങ്ങളാണ് താനും ചെയ്തത്. ഇന്ത്യയില്‍ ഈ വര്‍ഷം കൂടിയേ ഉണ്ടാകുവെന്നും ഈ സീസണു ശേഷം യൂറോപ്പിലേക്കു തന്നെ തിരികെ പോകുമെന്നും താരം വെളിപ്പെടുത്തി. ബ്ലാസ്റ്റേഴ്‌സ് വിട്ടത് തനിക്കും ബ്ലാസ്റ്റേഴ്‌സിനും ഗുണമാണു ചെയ്തതെന്നും സിഫ്‌നിയോസ് പ്രതികരിച്ചു.

ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ ഇരുപത്തിയൊന്നുകാരനായ സിഫ്‌നിയോസിന്റെ ബൂട്ടില്‍ നിന്നായിരുന്നു. പന്ത്രണ്ട് മല്‍സരങ്ങളില്‍ നാലു ഗോളുകളാണ് സിഫ്‌നിയോസ് ബ്ലാസ്റ്റേഴ്‌സിനായി നേടിയത്.