കേരള ഫുട്‌ബോളിന് സന്തോഷ വാര്‍ത്തയുമായി മഞ്ഞപ്പട

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെയും മലയാളികളുടെയും അഭിമാനമായ മഞ്ഞപ്പട സന്തോഷ് ട്രോഫി മത്സരത്തിന് കേരള ടീമിന് പിന്തുണയുമായി രംഗത്ത്. ബെംഗളൂരുവില്‍ ആന്ധ്ര പ്രദേശിനെ നേരിടുന്ന കേരളം മൂന്നു ഗോളുകള്‍ക്ക് മുന്നിലാണ്. സന്തോഷ് ട്രോഫിയില്‍ പങ്കെടുക്കുന്ന കേരളത്തിന് എല്ലാവരും പിന്തുണ നല്‍കണമെന്നാണ് മഞ്ഞപ്പട സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.

കുറെ കാലമായി സന്തോഷ് ട്രോഫിക്ക് ആരാധകരില്‍ നിന്നുള്ള പിന്തുണ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധക കൂട്ടായ്മ സന്തോഷ് ട്രോഫി ടീമിന് പിന്തുണയുമായി എത്തിയത്. ഒരു കാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിലെ ശക്തികളായിരുന്ന കേരളത്തില്‍ പിന്നീട് കളികമ്പം കുറയുകയും നിരവധി ടൂര്‍ണമെന്റുകള്‍ ഇല്ലാതാവുകയും ചെയ്തു.

നിലവില്‍ ഐഎസ്എല്ലിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ടീമിന്റെ 12ാം താരമെന്ന് അറിയപ്പെടുന്ന മഞ്ഞപ്പട സന്തോഷ് ട്രോഫിയില്‍ കേരള ടീമിനെ പിന്തുണയ്ക്കുന്നത് ശുഭ സൂചനയാണെന്നാണ് വിലയിരുത്തലുകള്‍.