സഹലിന് യൂറോപ്പില്‍ കളിയ്ക്കാനുളള പ്രതിഭയുണ്ടെന്ന് ഇയാന്‍ ഹ്യൂം

കേരള ബ്ലാസ്‌റ്റേഴ്‌സ് യുവതാരം സഹല്‍ അബ്ദുസമദിനെ പ്രശംസകൊണ്ട് മൂടി മുന്‍ ബ്ലാസറ്റേഴ്‌സ് താരവും കനേഡിയന്‍ സ്വദേശിയുമായ ഇയാന്‍ ഹ്യൂം. സഹലിന് യൂറോപ്പില്‍ കളിക്കാനുളള പ്രതിഭയുണ്ടെന്നും ഐഎസ്എല്ലിലെ ഏറ്റവും വലിയ കഴിവുളള താരമാണ് സഹലെന്നും അദ്ദേഹം പറഞ്ഞു.

മഞ്ഞപ്പടയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഖുറി ഇറാനി നടത്തുന്ന ‘OFF THE PITCH WITH KHURI’ എന്ന ടോക് ഷോയിലാണ് ഇയാന്‍ ഹ്യൂം മലയാളി താര്തതെ പ്രശംസ കൊണ്ട് മൂടിയത്.

‘ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തന്നെ ഏറ്റവും വലിയ ടാലന്റാണ് സഹല്‍. ആ കുട്ടിയെ എനിയ്ക്ക് ഏറെ ഇഷ്ടമാണ് പക്ഷെ സഹലിന് ഇപ്പോള്‍ ആവശ്യം കഠിന പ്രയത്‌നമാണ്. ധാരാളം പഠിക്കാനുമുണ്ട്. എന്നും പ്രയത്‌നിച്ചാല്‍ താരത്തിന് സൂപ്പര്‍ സ്റ്റാര്‍ ആയി വളരാം’ ഹ്യൂം പറഞ്ഞു.

സഹല്‍, അനിരുദ്ധ് താപ എന്നിവര്‍ക്ക് യൂറോപ്പില്‍ കളിക്കാനുള്ള ശാരീരിക പിന്‍ബലം ബലം ഉണ്ട്. സഹലിന് ഇപ്പോള്‍ സ്ഥിരതയാണ് വേണ്ടത്. അനിരുദ്ധ് താപയെ സഹലിന് മാതൃകയാക്കാം. അവസാന മൂന്ന് വര്‍ഷവും കഠിന പ്രയത്‌നം നടത്തി സ്ഥിരത ഉറപ്പ് തരുന്ന താരമായി അനിരുദ്ധ് താപ ഇപ്പോള്‍ മാറി എന്ന് ഹ്യൂം പറഞ്ഞു. ലാലിയന്‍സുവാള ചാങ്‌തെയും വലിയ പ്രതീക്ഷ നല്‍കുന്ന താരമാണെന്നും ഹ്യൂം പറഞ്ഞു.

ജിങ്കനെ കുറിച്ച് ഹ്യൂം പറഞ്ഞത് ഇപ്രകാരമാണ്. ‘ടീമിന്റെ നെടും തൂണായ ഒരു കളിക്കാരന്‍ ആണ് ജിങ്കന്‍. ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക്, സെന്റര്‍ ബാക്ക് എന്നീ പൊസിഷനുകള്‍ എല്ലാം കളിക്കുന്ന ‘ടിപ്പിക്കല്‍ പഞ്ചാബി ബോയ്’ ആണ് അദ്ദേഹം. മാത്രമല്ല ഒരു നല്ല ലീഡര്‍ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന് ടീമംഗങ്ങളെ നന്നായി കോര്‍ഡിനേറ്റ് ചെയ്ത് കൊണ്ട് പോകാന്‍ കഴിയും.’

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരേയും ഹ്യൂം പ്രശംസകൊണ്ട് മൂടി. കേരളത്തിലെ ആരാധകര്‍ക്ക് എങ്ങനെയാണ് പിന്തുണയ്‌ക്കേണ്ടത് അറിയാമെന്നാണ് ഹ്യൂം പറഞ്ഞത്.